ജർമൻ ചാൻസലർ യു.എ.ഇയിൽ; ഗ്യാസ് നൽകാൻ കരാർ
text_fieldsജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെയും ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെയും സാന്നിധ്യത്തിൽ സുപ്രധാന കരാർ ഒപ്പുവെച്ചപ്പോൾ
അബൂദബി: ഗ്യാസ് വിതരണത്തിന് ജർമനിയും യു.എ.ഇയും സുപ്രധാന കരാറിൽ ഒപ്പുവെച്ചു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ യു.എ.ഇ സന്ദർശനത്തിലാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവെച്ചത്.
ഊർജ സുരക്ഷിതത്വം, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കൽ എന്നിവയിൽ സംയുക്ത സംരംഭങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് കരാറിന് ധാരണയായത്. 'എനർജി സെക്യൂരിറ്റി ആൻഡ് ഇൻഡസ്ട്രി ആക്സിലറേറ്റർ കരാറി'ൽ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും യു.എ.ഇയുടെ കാലാവസ്ഥാവ്യതിയാന പ്രതിനിധിയുമായ ഡോ. സുൽത്താൻ ആൽ ജബ്റും ജർമനിയുടെ സാമ്പത്തികകാര്യ മന്ത്രാലയം സ്റ്റേറ്റ് സെക്രട്ടറി ഡോ. ഫ്രാൻസിസ്ക ബ്രാന്റനറുമാണ് ഒപ്പുവെച്ചത്. കരാറനുസരിച്ച് അബൂദബി നാഷനൽ ഓയിൽ കമ്പനി(അഡ്നോക്) ജർമൻ എനർജി കമ്പനിയായ ആർ.ഡബ്ല്യൂ.ഇ എ.ജിക്ക് വർഷാവസാനത്തോടെ ദ്രവീകൃത പ്രകൃതിവാതകം എത്തിക്കും. ജർമൻ കമ്പനികൾക്കായി അഡ്നോക് മറ്റ് നിരവധി എൽ.എൻ.ജി കാർഗോകളും എത്തിക്കാൻ ധാരണയുണ്ട്.
പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കാനുള്ള യു.എ.ഇയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്ന നടപടികളും കരാറിലുണ്ട്. കാർബൺ പുറന്തള്ളൽ കുറക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഹൈഡ്രജന്റെ വാഹക ഇന്ധനമായ ലോ-കാർബൺ അമോണിയയുടെ കൈമാറ്റത്തിന് ജർമൻ കമ്പനികളുമായി അഡ്നോക് കരാറുകളിൽ എത്തിയിട്ടുണ്ട്. യു.എ.ഇയിലെ പ്രമുഖ പുനരുപയോഗ ഊർജസ്ഥാപനമായ മസ്ദർ നോർത്ത് കടലിലും ജർമനിയിലെ ബാൾട്ടിക് കടലിലും കാറ്റിൽനിന്ന് ഊർജ ഉൽപാദനത്തിനും ധാരണയായിട്ടുണ്ട്.
യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ ഊർജ ആവശ്യങ്ങൾക്ക് റഷ്യയെ ആശ്രയിക്കുന്നത് കുറക്കാൻ ലക്ഷ്യമിട്ടുള്ള ജർമനിയുടെ നീക്കങ്ങളുടെ ഭാഗമായാണ് യു.എ.ഇയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് യൂറോപ്പിന് ആവശ്യമായ പ്രകൃതിവാതകത്തിന്റെ 40 ശതമാനവും റഷ്യയാണ് നൽകിയിരുന്നത്. ജർമനിയിൽ ഉപയോഗിക്കുന്ന ഗ്യാസിന്റെ 55 ശതമാനവും റഷ്യയിൽനിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

