വിയോജിപ്പ് വാർത്തകൾക്കിടയിൽ വേദി പങ്കിട്ട് ജിഫ്രി തങ്ങളും സാദിഖലി തങ്ങളും
text_fieldsസമസ്ത കേരള യു.എ.ഇ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീന്‍ വാര്‍ഷിക മഹാസമ്മേളനത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖലി ശിഹാബ് തങ്ങളും സംസാരിക്കുന്നു
ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായുള്ള വിയോജിപ്പിനെ തുടർന്ന് സി.ഐ.സിയിൽനിന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവെച്ചെന്ന വാർത്തകൾക്കുപിന്നാലെ വേദി പങ്കിട്ട് നേതാക്കൾ. ദുബൈ അൽ ബറാഹ വിമൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമസ്ത കേരള യു.എ.ഇ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീന്‍ 30ാം വാര്‍ഷിക മഹാസമ്മേളനത്തിലാണ് ജിഫ്രി തങ്ങളും സാദിഖലി ശിഹാബ് തങ്ങളും വേദിയിലെത്തിയത്. പാണക്കാട് കുടുംബവുമായി തര്‍ക്കമില്ലെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞപ്പോൾ പാലും വെള്ളവും പോലെയാണ് ഞങ്ങളെന്ന് സാദിഖലി തങ്ങളും വ്യക്തമാക്കി. സാദിഖലി ശിഹാബ് തങ്ങളും താനും തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. അപവാദങ്ങൾ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി അകറ്റി നിര്‍ത്താനാണ് ചിലർ ശ്രമിക്കുന്നത്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. സമസ്ത പറയുന്നത് പോലെ കേട്ടില്ലെങ്കില്‍ തള്ളിക്കളയും. കേരളത്തില്‍ ഏതുതരത്തിലുള്ള വിദ്യാഭ്യാസവുമായി ആര്‍ക്കും പോകാം. അതിന് ഇന്ത്യയില്‍ സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമില്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
സമസ്തയും പാണക്കാട് കുടുംബവും തമ്മില്‍ പാലും വെള്ളവും ചേര്‍ത്ത പോലെയാണെന്നും വേര്‍തിരിക്കാനാവില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ചില സംഭവ വികാസങ്ങളൊക്കെ ഉണ്ടാവും. അതൊക്കെ പരിഹരിക്കാവുന്നതേയുള്ളൂ. നേരത്തേയും പരിഹരിച്ചിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേർത്തു. സ്വാഗത സംഘം ചെയർമാൻ വി.പി. പൂക്കോയ തങ്ങൾ ബാ അലവി അധ്യക്ഷത വഹിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടന പ്രഭാഷണം നടത്തി. സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി.