ഇന്നത്തെ കുട്ടിക്കച്ചവടക്കാർ നാളത്തെ സംരംഭകർ; കുഞ്ഞുസംരംഭകരെ വളർത്താൻ ജി.ഡി.ആർ.എഫ്.എയുടെ ‘യങ് മെർച്ചന്റ് 2026’
text_fieldsയങ് മെർച്ചന്റ് പ്രദർശനത്തിൽ പങ്കെടുത്ത കുട്ടിക്കച്ചവടക്കാർ ലഫ്. ജനറൽ മുഹമ്മദ് അൽ മർറിക്കൊപ്പം
ദുബൈ: ഇന്ന് കളിപ്പാട്ടങ്ങൾ വിൽക്കുന്ന കുഞ്ഞുകൈകൾ നാളെയൊരു വിജയകരമായ സംരംഭത്തിന്റെ നേതൃത്വം ഏറ്റെടുക്കുമോ? ആ സ്വപ്നത്തിന് ചിറകുനൽകുകയാണ് ജി.ഡി.ആർ.എഫ്.എ ദുബൈ. കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ സംരംഭകത്വ ചിന്തയും ബിസിനസ് നൈപുണ്യവും ആത്മവിശ്വാസവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ‘യങ് മെർച്ചന്റ് 2026’ എന്ന പേരിൽ കുട്ടികൾ കച്ചവടക്കാരായുള്ള പ്രത്യേക വ്യാപാര മേള -സംഘടിപ്പിച്ചു
ജി.ഡി.ആർ.എഫ്.എ ദുബൈയുടെ ഹെഡ് ഓഫീസിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് കുട്ടികൾക്ക് സ്വന്തം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരം ലഭിച്ചത്. ചെറു വിപണിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ സജ്ജമാക്കിയ സ്റ്റാളുകളിൽ കുട്ടികൾ ഉപഭോക്താക്കളെ സ്വാഗതം ചെയ്ത് ഉൽപന്നങ്ങൾ പരിചയപ്പെടുത്തി. ഒപ്പം, വിലപേശുകയും വിൽപന പൂർത്തിയാക്കുകയും ചെയ്തു.
ഇതിലൂടെ പാഠപുസ്തകങ്ങൾക്കപ്പുറമുള്ള യഥാർഥ ജീവിതാനുഭവമാണ് അവർക്ക് ലഭിച്ചത്. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അൽ മർറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രദർശനം സന്ദർശിച്ച് കുട്ടികളെ പ്രോത്സാഹിപ്പിച്ചു വിൽപന എന്നത് ലാഭം നേടാനുള്ള മാർഗം മാത്രമല്ല, ആശയവിനിമയം, ഉത്തരവാദിത്തം, ആത്മവിശ്വാസം, നേതൃത്വപാടവം എന്നിവ വളർത്തിയെടുക്കുന്ന ജീവിതപാഠം കൂടിയാണെന്ന സന്ദേശമാണ് പദ്ധതിയിലൂടെ നൽകുന്നതെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു.
കുട്ടികളുടെ സർഗാത്മക ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയും സ്വന്തം കഴിവുകളിൽ വിശ്വാസം വളർത്തുകയും ചെയ്യുന്ന അന്തരീക്ഷമാണ് പരിപാടിയിൽ ഒരുക്കിയിരുന്നത്. ജി.ഡി.ആർ.എഫ്.എയുടെ പ്രിയ കാർട്ടൂൺ കഥാപാത്രങ്ങളായ സലാമ്, സലാമ എന്നിവരുടെ സാന്നിധ്യവും കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരങ്ങളും പരിപാടിക്ക് നിറം പകർന്നു. യുവതലമുറയുടെ കഴിവുകളെ കണ്ടെത്തുകയും അവരെ ഭാവിയിലെ നവോത്ഥാന സംരംഭകരായി വളർത്തുകയും ചെയ്യുകയെന്ന ദുബൈ സർക്കാരിന്റെ ദീർഘദർശനത്തിന്റെ ഭാഗമായാണ് ‘യങ് മെർച്ചന്റ് 2026’ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

