വിഡിയോ കാൾ സേവനം ഏറ്റെടുത്ത് പ്രവാസികൾ
text_fieldsഉപഭോക്താവിന്റെ വിഡിയോ കാളിന് മറുപടി നൽകുന്ന
ഉദ്യോഗസ്ഥൻ
ദുബൈ: താമസ കുടിയേറ്റ വകുപ്പിന്റെ (ജി.ഡി.ആർ.എഫ്.എ) വിഡിയോ കാൾ സേവനം ഏറ്റെടുത്ത് പ്രവാസികൾ. സേവനം ആരംഭിച്ച് രണ്ടു മാസത്തിനുള്ളിൽ 2.50 ലക്ഷം വിഡിയോ കാളുകളാണ് ലഭിച്ചതെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു. ജനുവരി 11 മുതലാണ് വിസ അടക്കമുള്ള വിവിധ സേവനങ്ങൾക്ക് വിഡിയോ കാൾ സംവിധാനം ഏർപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ തന്നെ പ്രതീക്ഷിച്ചതിലേറെ സ്വീകാര്യതയാണ് ലഭിച്ചത്.
സാമ്പത്തിക ഇടപാടുകൾ, ഗോൾഡൻ വിസ, മാനുഷിക പരിഗണന ആവശ്യമായ കേസുകൾ, നിയമ സഹായം, റിയൽ എസ്റ്റേറ്റ് നടപടിക്രമങ്ങൾ, എൻട്രി പെർമിറ്റ്, അന്വേഷണങ്ങൾ, വസ്തുവിലെ നിക്ഷേപം, പൗരത്വം തുടങ്ങിയ സേവനങ്ങളെല്ലാം വിഡിയോ കാൾ വഴി ലഭ്യമാകും. സൈറ്റിലെ വിഡിയോ കാൾ സർവിസ് ക്ലിക് ചെയ്ത് പേര്, ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ, എമിറേറ്റ്സ് ഐ.ഡി, പാസ്പോർട്ട് വിവരങ്ങൾ നൽകണം. തുടർന്ന് എന്ത് സേവനമാണ് ആവശ്യമുള്ളതെന്ന് ക്ലിക് ചെയ്താൽ ഏതാനും മിനിറ്റുകൾക്കകം എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി വിഡിയോ കാൾ വഴി ആശയവിനിമയം നടത്താൻ കഴിയും. സമയബന്ധിതമായി എല്ലാ ഇടപാടുകളും പൂർത്തീകരിക്കാനാകും.
ഓഫിസുകൾ സന്ദർശിക്കാതെ അഞ്ചു മിനിറ്റിനുള്ളിൽ രേഖകൾ സമർപ്പിക്കാനാകും. ജി.ഡി.ആർ.എഫ്.എയുടെ ആപ് വഴിയും ഫ്രൻഡ് കാമറ പ്രവർത്തിക്കുന്ന മൊബൈലോ ടാബോ വഴിയും ഈ സേവനം ലഭിക്കും. അപേക്ഷയോടൊപ്പം രേഖ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ചാറ്റ് ബോക്സിൽ അയക്കാനും കഴിയും. ഉപഭോക്താക്കളുടെ സമയവും ചെലവും ലാഭിക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഹുസൈൻ ഇബ്രാഹിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

