അബൂദബി ഗ്രാൻ ഫോണ്ടോയിൽ തിളങ്ങി ജി.ഡി.ആർ.എഫ്.എ ടീം
text_fields‘ബൈക്ക് അബൂദബി ഗ്രാൻ ഫോണ്ടോ’ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടിയ
ജി.ഡി.ആർ.എഫ്.എ സൈക്ലിങ് ടീം
അബൂദബി: യു.എ.ഇയിലെ പ്രമുഖ സൈക്ലിങ് താരങ്ങൾ പങ്കെടുത്ത ‘ബൈക്ക് അബൂദബി ഗ്രാൻ ഫോണ്ടോ’ സൈക്ലിങ് ചലഞ്ചിൽ മികച്ച പ്രകടനവുമായി ജി.ഡി.ആർ.എഫ്.എ ടീം.
അൽഐനിൽ നിന്ന് ആരംഭിച്ച് തലസ്ഥാന നഗരിയായ അബൂദബിയിൽ സമാപിച്ച 150 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരത്തിൽ ആറ് മെഡലുകൾ സ്വന്തമാക്കി ടീം ആധിപത്യം ഉറപ്പിച്ചു.
വ്യക്തിഗത വിഭാഗങ്ങളിലും ടീം ഇനങ്ങളിലും മികച്ച നേട്ടങ്ങളാണ് സംഘം സ്വന്തമാക്കിയത്.
പ്രായപരിധി അടിസ്ഥാനമാക്കിയുള്ള പുരുഷവിഭാഗത്തിൽ താരിഖ് ഉബൈദ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, വനിതാവിഭാഗത്തിൽ കാർമെൻ ഒന്നാം സ്ഥാനത്തെത്തി.
ഇതേവിഭാഗത്തിൽ പുരുഷന്മാരിൽ അഹമ്മദ് അൽ മൻസൂരി രണ്ടാം സ്ഥാനം നേടി. ഗ്രൂപ്പ് ഇനത്തിൽ ജി.ഡി.ആർ.എഫ്.എ വനിതാ ടീം രണ്ടാം സ്ഥാനവും നേടി. കൂടാതെ, ഇമാറാത്തി പുരുഷ വിഭാഗത്തിൽ അഹമ്മദ് അൽ മൻസൂരിയും ഏജ് ഗ്രൂപ്പ് വിഭാഗത്തിൽ റാശിദ് സുവൈദാനും മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
കായികരംഗത്ത് ജി.ഡി.ആർ.എഫ്.എ ദുബൈ നടത്തുന്ന നിരന്തര പരിശീലനങ്ങളുടെയും ആത്മാർഥമായ പരിശ്രമങ്ങളുടെയും ഫലമാണ് ഈ നേട്ടമെന്ന് അധികൃതർ വിലയിരുത്തി.
ഉദ്യോഗസ്ഥരുടെ കായിക അഭിരുചികളും ആരോഗ്യപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്ന വകുപ്പിന്റെ നയമാണ് ഇത്തരം വലിയ വിജയങ്ങൾക്ക് അടിത്തറയാകുന്നതെന്നും അവർ വ്യക്തമാക്കി.
പൊതുജന സേവനങ്ങളോടൊപ്പം ജീവനക്കാരുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് നടപ്പാക്കുന്ന വിവിധ പദ്ധതികളും വിജയത്തിൽ നിർണായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

