സന്നദ്ധ പ്രവർത്തനങ്ങളിൽ മാതൃക തീർത്ത് ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അതിവേഗം മുന്നേറി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). 2024-25 വർഷങ്ങളിലായി ദുബൈ ഇമിഗ്രേഷൻ വിഭാഗം നടത്തിയത് 140ലധികം സന്നദ്ധ സേവന പദ്ധതികൾ. 2,200 ഉദ്യോഗസ്ഥരും 1,300 കമ്യൂണിറ്റി വളന്റിയർമാരും പങ്കെടുത്ത സംരംഭങ്ങളിലൂടെ പ്രയോജനം നേടിയത് മൂന്നു ലക്ഷത്തിലധികം പേർ. 42,000ത്തിലധികം സേവന സമയമാണ് ഇതിനായി ഇമിഗ്രേഷൻ വകുപ്പ് ചെലവിട്ടത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘നാഷനൽ വളന്റിയറിങ് ആൻഡ് കമ്യൂണിറ്റി പാർട്ടിസിപ്പേഷൻ ഫ്രെയിംവർക്കി’നോട് ചേർന്നുനിൽക്കുന്നതിൽ വകുപ്പിന്റെ പ്രതിബദ്ധതയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 2024ൽ ജി.ഡി.ആർ.എഫ്.എ നടത്തിയ പദ്ധതികളിൽ സമൂഹങ്ങളുടെ സംതൃപ്തി നിരക്ക് 96 ശതമാനമാണ്. വകുപ്പിന്റെ പദ്ധതികൾ സമൂഹത്തിൽ ശക്തമായ സ്വാധീനമുണ്ടാക്കിയെന്നതിന്റെ സൂചനയാണിതെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം പദ്ധതികളിൽ ജീവനക്കാരുടെ പങ്കാളിത്തം 2020ൽ 2.3 ശതമാനമായിരുന്നു. എന്നാൽ, 2024ൽ അത് 30 ശതമാനം കവിഞ്ഞു. 2025ൽ പ്രാദേശിക ജനസമൂഹങ്ങളിലെ വളന്റിയർമാരുടെ എണ്ണം 994 ആയി ഉയർന്നെന്നും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. സന്നദ്ധ പ്രവർത്തനവും സമൂഹിക പങ്കാളിത്തവും ഉൾക്കൊള്ളുന്ന ദേശീയ സംവിധാനം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ ദാനസംസ്കാരം വളർത്താനുള്ള പ്രചോദന മാതൃകയാണെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.
വളന്റിയറിങ് എന്നത് ഒരിക്കൽ മാത്രം നടത്തുന്ന ഒരു പരിപാടിയല്ലെന്നും നമ്മുടെ മൂല്യങ്ങളിൽ നിന്നുള്ള ദേശീയ ഉത്തരവാദിത്തവും മാനവികതയും പ്രതിഫലിപ്പിക്കുന്ന ജീവിതശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾ അനുസരിച്ച്, വളന്റിയറിങ് ഒരു ജീവിതരീതിയായി തീരാനും ഓരോ സ്ഥാപനവും ദേശീയ ദാനമനോഭാവത്തിന്റെ സ്തംഭമായി മാറാനുമാണ് ലക്ഷ്യമെന്ന് ദുബൈ ഇമിഗ്രേഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

