വെർച്വൽ പുതുവത്സരാഘോഷം വിജയകരമെന്ന് ജി.ഡി.ആർ.എഫ്.എ
text_fieldsമേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ
ദുബൈ: തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇത്തവണത്തെ വെർച്വൽ പുതുവത്സരാഘോഷങ്ങൾ ‘ബ്ലൂ കണക്ട്’ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയവും വിജയകരവുമായ അനുഭവമായിരുന്നുവെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഉപ മേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി. മനുഷ്യകേന്ദ്രിത സേവനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ജി.ഡി.ആർ.എഫ്.എയുടെ സമീപനത്തിന്റെ ശക്തമായ ഉദാഹരണമായി ഈ സംരംഭം മാറിയെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്തി എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ അനുഭവങ്ങൾ സൃഷ്ടിക്കണമെന്ന ദുബൈയുടെ വിശാല കാഴ്ചപ്പാടിനോടും ഈ നീക്കം പൂർണമായും യോജിക്കുന്നതാണെന്ന് മേജർ ജനറൽ വ്യക്തമാക്കി.
വെർച്വൽ, ഹൈബ്രിഡ് പരിപാടികൾ സംഘടിപ്പിക്കാനുള്ള ആവശ്യം വർധിച്ച സാഹചര്യത്തിലാണ് ‘ബ്ലൂ കണക്ട്’ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്.
ലൈവ് സ്ട്രീമിങ്, ഇന്ററാക്ടീവ് ഉള്ളടക്കങ്ങൾ, വിനോദപരിപാടികൾ, മത്സരങ്ങൾ, സമ്മാനനേട്ടങ്ങൾ എന്നിവയെല്ലാം ഒരൊറ്റ ഡിജിറ്റൽ വേദിയിൽ ഒരുമിപ്പിക്കുന്നതാണ് ‘ബ്ലൂ കണക്ട്’. നടപടിക്രമങ്ങൾ ലളിതമാക്കുകയും സമയവും പരിശ്രമവും ലാഭിക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോം, സംഘാടകരും പങ്കാളികളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിനും അഭിപ്രായ പങ്കുവെപ്പിനും വഴിയൊരുക്കുന്നതുമാണ്.
നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായിരിക്കുന്ന ‘ബ്ലൂ കണക്ട്’, അടുത്ത ഘട്ടത്തിൽ ആപ്പിൾ ആപ്പ് സ്റ്റോറിലും അവതരിപ്പിക്കാനാണ് പദ്ധതി. മൊബൈൽ ഫോൺ നമ്പർ മാത്രം ഉപയോഗിച്ചുള്ള ലളിതമായ രജിസ്ട്രേഷനാണ് പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നത്. ഈ സംരംഭത്തിലൂടെ ആളുകളെ കേന്ദ്രബിന്ദുവാക്കി, ഭാവിയിലേക്കൊരുങ്ങുന്ന, പങ്കാളിത്ത സംസ്കാരം വളർത്തുന്ന സമഗ്രവും പ്രായോഗികവുമായ ഡിജിറ്റൽ അനുഭവങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

