വർണാഭമായി ജി.ഡി.ആർ.എഫ്.എ മെഗാ ഈദ് ആഘോഷം
text_fieldsതൊഴിലാളികൾക്കായി സംഘടിപ്പിച്ച ഈദ് ആഘോഷത്തിൽ പങ്കെടുത്തവർ
ദുബൈ: എമിറേറ്റിന്റെ വളർച്ചക്ക് നിർണായക സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലെ തൊഴിലാളികളെ പങ്കെടുപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) മെഗാ ഈദ് ആഘോഷം സംഘടിപ്പിച്ചു. കാറുകൾ, സ്വർണ ബാറുകൾ, വിമാന ടിക്കറ്റുകൾ, 500 ദിർഹമിന്റെ വൗച്ചറുകൾ എന്നിവയുൾപ്പെടെ ഏകദേശം 5 ലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ തൊഴിലാളികൾക്കായി ഒരുക്കിയിരുന്നു.
ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ അണിനിരന്ന രണ്ടുദിവസത്തെ ആഘോഷത്തിൽ 42,000ൽ അധികംപേർ പങ്കാളികളായി. ദുബൈയിലെ അൽഖൂസ് ഏരിയയിലാണ് പരിപാടി നടന്നത്. ‘നമുക്കൊരുമിച്ച് ഈദ് ആഘോഷിക്കാം’ എന്ന പ്രമേയത്തിലാണ് ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചത്.
ജി.ഡി.ആർ.എഫ്.എ ദുബൈ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബൈ എമിറേറ്റ്സിന്റെ വർക്ക് റെഗുലേഷൻ സെക്ടർ അസി. ഡയറക്ടർ കേണൽ ഉമർ മത്വർ അൽ മുസൈന എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ സംബന്ധിച്ചു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ ഈദ് ആഘോഷത്തിൽ പങ്കെടുത്തു. ദുബൈയുടെ വളർച്ചക്കും വികസനത്തിനും വലിയ സംഭാവനകൾ നൽകുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അർപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
നന്ദിയുടെയും ഉൾക്കൊള്ളലിന്റെയും മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ് ഈ ആഘോഷമെന്നും, തൊഴിലാളികൾക്ക് ഈദ് ആഘോഷിക്കാനും പരസ്പരം സൗഹൃദം പങ്കുവെക്കാനുമുള്ള അവസരം കൂടിയാണ് ഈ പരിപാടിയെന്നും കേണൽ ഉമർ മത്വർ അൽ മുസൈന വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.