ഡിജിറ്റൽ സുരക്ഷക്ക് ജാഗ്രതാ നിർദേശവുമായി ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് വ്യക്തിവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ‘നിങ്ങളുടെ ഡിജിറ്റൽ സുരക്ഷക്കാണ് മുൻഗണന’ എന്ന സന്ദേശവുമായാണ് ജി.ഡി.ആർ.എഫ്.എ ഈ ജാഗ്രത നിർദേശം പങ്കുവെക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്‍റെ ഭാഗമായി വ്യക്തിഗത അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ കൃത്യമായ ഇടവേളകളിൽ പുതുക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. സർക്കാർ സേവനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഔദ്യോഗിക മാർഗങ്ങൾ മാത്രം ഉപയോഗിക്കണം.
ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണം. ജാഗ്രതയാണ് ആദ്യത്തെ പ്രതിരോധം. സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ആരംഭിക്കുന്നത് ഈ അവബോധത്തിൽ നിന്നാണ്. ഡിജിറ്റൽ സർക്കാർ സേവനങ്ങളിലുള്ള വിശ്വാസം ഈ സുരക്ഷയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് സർവപ്രധാനമായ മുൻഗണന നൽകിക്കൊണ്ട്, മികച്ചതും സുരക്ഷിതവുമായ ഒരു ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുന്നതിനുള്ള നിരന്തരമായ പ്രവർത്തനങ്ങളിലാണ് ദുബൈ ജി.ഡി.ആർ.എഫ്.എ. തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഡിജിറ്റൽ ഇടപാടുകളിൽ പൗരന്മാരും താമസക്കാരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ ഓർമിപ്പിച്ചു.
സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ജനറൽ ഡയറക്ടറേറ്റ് പുതിയ സേവനം കഴിഞ്ഞ ദിവസം ആരംഭിച്ചിരിക്കുന്നു. ‘ആമർ കോൺടാക്ട് സെന്‍റർ’ മുഖേന സൈബർ സുരക്ഷാ സംഭവങ്ങളും സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്യാൻ ഇനി മുതൽ താമസക്കാർക്ക് ഇതിലൂടെ സാധിക്കും. സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തിലുള്ള സേവനം. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ‘സൈബർ സെക്യൂരിറ്റി ഇൻസിഡന്‍റ് റിപോർട്ടിങ്’ ഓപ്ഷൻ ഉപയോഗിച്ച് 800 5111 നമ്പറിലൂടെ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

