ഭാവിപഠനങ്ങൾ വിലയിരുത്താൻ ദുബൈയിൽ കേന്ദ്രം
text_fieldsജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി
ദുബൈ: ഭാവിയെക്കുറിച്ചുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും നിലവാരം വിലയിരുത്തുന്ന ആദ്യത്തെ കേന്ദ്രം ദുബൈയിൽ പ്രവർത്തനമാരംഭിച്ചു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ആണ് സെന്റർ ഫോർ ഇവാലുവേറ്റിങ് ദ ക്വാളിറ്റി ഓഫ് ഫോർസൈറ്റ് സ്റ്റഡീസ് എന്ന പേരിൽ സംരംഭം ആരംഭിച്ചത്.
വരുംകാല വെല്ലുവിളികളെയും സാധ്യതകളെയും മുൻകൂട്ടി കണ്ട്, കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ദുബൈയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളതെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു. ഭാവി പഠനങ്ങളുടെ പുരോഗതിയും കൃത്യതയും വിലയിരുത്തുന്നതിനായി ശാസ്ത്രീയമായി രൂപകൽപന ചെയ്ത നൂതനമായ മൂല്യനിർണയ മാതൃകയാണ് കേന്ദ്രം ഉപയോഗിക്കുക.
ആഗോളതലത്തിലുള്ള പ്രവണതകളുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ഫലങ്ങൾ, വരുംകാല പദ്ധതികളെ കുറിച്ച് വ്യക്തത, നിർദേശിക്കുന്ന പരിഹാരങ്ങളുടെ ദീർഘകാലത്തിലുള്ള സ്ഥിരത എന്നിവയെല്ലാം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമായും പരിഗണിക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
പദ്ധതിക്ക് ഇതിനകം തന്നെ ഈ രംഗത്തെ ആഗോള വിദഗ്ധരുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വരുംകാല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ ശേഷിയുള്ള സ്മാർട്ട് സംവിധാനങ്ങൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഈ കേന്ദ്രം ദുബൈയുടെ നവീനമായ മുന്നേറ്റങ്ങൾക്ക് വലിയ മാതൃക പകരുമെന്നും ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
ആഗോള നിലവാരങ്ങൾ സ്വീകരിച്ച് ഉയർന്ന കാര്യക്ഷമതയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ ഈ കേന്ദ്രം ഒരു നിർണായക പങ്ക് വഹിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

