Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.ഡി.ആർ.എഫ്.എ ഈദ് ആഘോഷം: 50,000 തൊഴിലാളികൾ പങ്കെടുത്തു

text_fields
bookmark_border
ജി.ഡി.ആർ.എഫ്.എ ഈദ് ആഘോഷം: 50,000 തൊഴിലാളികൾ പങ്കെടുത്തു
cancel

ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഈദുൽ ഫിത്ർ ആഘോഷം സമാപിച്ചു. നേരിട്ടും ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ബ്ലൂ കണക്ട്’ വഴിയും നടന്ന ആഘോഷത്തിൽ 50,000ത്തിലധികം തൊഴിലാളികൾ പങ്കെടുത്തു. ‘കുടുംബ വർഷം 2026’ സംരംഭവുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലൂടെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുകയും മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയുള്ള പരിപാടികളിൽ മാത്രം 10,500 പേർ പങ്കെടുത്തു.

57,748 പേരാണ് ‘ബ്ലൂ കണക്ട്’ ആപ്പ് ഡൗൺലോഡ് ചെയ്തത്. പദ്ധതിയുടെ ജനപ്രീതി വ്യക്തമാക്കുന്നതാണീ കണക്കുകൾ. ദുബൈയിലെ 32 തൊഴിലാളി താമസ കേന്ദ്രങ്ങളിൽ നടത്തിയ നേരിട്ടുള്ള പരിപാടികളിലൂടെ 40,000ത്തിലധികം തൊഴിലാളികൾ പങ്കാളികളായി. തത്സമയ പരിപാടികളോടൊപ്പം സംവേദനാത്മക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വിദേശത്തുനിന്നുള്ള കലാകാരന്മാരും ഹോളിവുഡ് താരങ്ങളും ഓൺലൈനായി പങ്കുചേർന്നു.

ആഘോഷത്തിന്‍റെ ഭാഗമായി 365 സമ്മാനങ്ങൾ വിതരണം ചെയ്തു. രണ്ട് കാറുകൾ, 157 സ്മാർട്ട്‌ഫോണുകൾ, 20 യാത്രാ ടിക്കറ്റുകൾ, 30 സ്വർണ ബാറുകൾ, 156 ഷോപ്പിങ് വൗച്ചറുകൾ എന്നിവ അടങ്ങിയതായിരുന്നു സമ്മാനങ്ങൾ. പ്രാദേശിക സാഹചര്യങ്ങൾ മുൻനിർത്തി ഉത്തരവാദിത്തമുള്ള പെരുമാറ്റമുണ്ടാവണമെന്നും ഔദ്യോഗികമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും തൊഴിലാളികൾക്ക് ബോധവൽക്കരണവും നൽകി. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ വിജയം തൊഴിലാളികളുമായി കൂടുതൽ ഫലപ്രദമായി ബന്ധപ്പെടുന്നതിനുള്ള നവീന മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ തൊഴിലിടങ്ങളിൽ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ നിർണായകമാണെന്ന് ലേബർ റിലേഷൻസ് സെക്ടർ അസി. ഡയറക്ടർ ജനറൽ കേണൽ ഉമർ മതർ അൽ മുസൈന അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശി പൗരന് കാർ സമ്മാനം

ദുബൈ: തൊഴിലാളികൾക്കായി ജി.ഡി.ആർ.എഫ്.എ നടത്തിയ ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ബംഗ്ലാദേശി പൗരന് കാർ സമ്മാനമായി ലഭിച്ചു. മുഹമ്മദ് സബീറാണ് ഈ അപ്രതീക്ഷിത ഭാഗ്യത്തിന്‍റെ ഉടമ. 18 മാസം മുൻപാണ് സബീർ പ്രവാസിയായി ദുബൈയിൽ എത്തിയത്. ‘ബ്ലൂ കണക്ട്’ എന്ന ആപ്പിലൂടെയാണ് സബീർ ഓൺലൈൻ ആഘോഷത്തിൽ പങ്കുചേർന്നത്. നറുക്കെടുപ്പിൽ മൊബൈൽ ഫോൺ ലഭിക്കണേ എന്നായിരുന്ന താൻ പ്രാർഥിച്ചിരുന്നതെന്നും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് പരിപാടിയുടെ മുഖ്യ ആകർഷണമായ ആ മെഗാ സമ്മാനം തേടിയെത്തിയതെന്നും സബീർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GDRFA Eid celebration: 50,000 workers participated
Next Story