കുഞ്ഞു സംരംഭകർക്കായി ‘യങ് മർച്ചന്റ്’
text_fieldsജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി സംഘടിപ്പിച്ച വ്യാപാരമേളയിൽനിന്ന്
ദുബൈ: കുട്ടികളുടെ സംരംഭക സ്വപ്നങ്ങൾക്ക് നിറം പകരാൻ ദുബൈ താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) ‘യങ് മർച്ചന്റ്’ എന്ന പേരിൽ വേറിട്ട സംരംഭത്തിന് തുടക്കംകുറിച്ചു. വകുപ്പിന്റെ പ്രധാന ഓഫിസ് ഹാൾ ഇതിനായി ഒരു കൊച്ചു മിനി-മാർക്കറ്റായി മാറ്റിയിരിക്കുകയാണ്. ഇവിടെ കുരുന്നുകൾക്ക് അവരുടെ സ്വന്തം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരം ലഭിക്കും. വർണാഭമായ ഉൽപന്നങ്ങളുമായി കുട്ടി കച്ചവടക്കാർ നിറഞ്ഞ ഈ വിപണനമേള ജൂലൈ മൂന്നുവരെ തുടരും. വകുപ്പ് ജീവനക്കാരുടെ അഞ്ചു മുതൽ 15 വയസ്സുവരെയുള്ള 30 കുട്ടികളാണ് ഈ സംരംഭത്തിൽ പങ്കെടുക്കുന്നത്
കുട്ടികൾക്ക് സാമ്പത്തിക അറിവ്, വിപണന തന്ത്രങ്ങൾ, ഉപഭോക്താക്കളുമായി സംവദിക്കാനുള്ള കഴിവ് എന്നിവയെല്ലാം സ്വായത്തമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംരംഭം. സാമൂഹിക വർഷത്തോടനുബന്ധിച്ച്, കുടുംബങ്ങൾക്കും സമൂഹത്തിനും ശാക്തീകരണം ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇവിടെ ഓരോ കുട്ടിക്കും സ്വന്തമായി ഒരു സ്റ്റാൾ ഒരുക്കാനും തങ്ങളുടെ ഉൽപന്നങ്ങൾ ആകർഷകമായി അവതരിപ്പിക്കാനും അവസരമുണ്ട്. ഇത് അവരുടെ സർഗാത്മകതയെയും പ്രായോഗിക ബുദ്ധിയെയും ഉണർത്തുന്ന ഒരു പ്രോത്സാഹകമായ അന്തരീക്ഷമാണ് ഒരുക്കുന്നതെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു.
പരിപാടിയുടെ അവസാന ദിവസം ഉൽപന്നങ്ങളുടെ ഗുണനിലവാരം, പുതുമ, അവതരണ ശൈലി എന്നിവ പരിഗണിച്ച് ഏറ്റവും മികച്ച ‘കുഞ്ഞു വ്യാപാരികൾക്ക്’ പുരസ്കാരങ്ങൾ നൽകി ആദരിക്കുമെന്ന് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

