ജി.ഡി.ആർ.എഫ്.എ പ്രതിനിധി സംഘം യു.കെ സന്ദർശിച്ചു
text_fieldsസർക്കാർ സേവനങ്ങൾ കൂടുതൽ നൂതനമാകുന്നതിന്റെ ഭാഗമായി
യു.കെയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ ജി.ഡി.ആർ.എഫ്.എ
പ്രതിനിധി സംഘം
ദുബൈ: സർക്കാർ പ്രവർത്തനരീതികൾ നവീകരിക്കുകയും ഭാവിയുടെ സേവനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായ മുന്നേറ്റം നടത്തുകയും ചെയ്യുന്നതിനായി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജി.ഡി.ആർ.എഫ്.എ) ഉന്നത പ്രതിനിധി സംഘം യു.കെയിൽ ഔദ്യോഗിക സന്ദർശനം നടത്തി.
സേവനനിലവാരവും സ്ഥാപന നൂതനതയും വർധിപ്പിക്കുന്നതിൽ അന്താരാഷ്ട്ര തലത്തിൽ നടപ്പാക്കുന്ന മികച്ച മാതൃകകൾ പഠിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. ജി.ഡി.ആർ.എഫ്.എ ദുബൈ ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ അഫയേഴ്സ് ഡെപ്യൂട്ടി അസി. ഡയറക്ടർ ലഫ്. കേണൽ സാലിം മുഹമ്മദ് ബിൻ അലി, ഇന്നൊവേഷൻ ആൻഡ് ഫ്യൂച്ചർ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ ഖലീൽ ഇബ്രാഹിം, ഫ്യൂച്ചർ ഫോർഷൈറ്റ് അനലിസ്റ്റ് ലഫ്റ്റനന്റ് മാനി അഹമ്മദ് റാശിദ് അൽ ഉതൈബി എന്നിവർ അടങ്ങുന്ന സംഘം ലണ്ടനിലുള്ള ദുബൈ ബിസിനസ് സെന്ററും ബ്രിട്ടീഷ് സ്റ്റാൻഡേഡ്സ് ഇൻസ്റ്റിറ്റ്യൂഷനും (ബി.എസ്.ഐ) സന്ദർശിച്ചു. ബിർമിഗ്ഹാമിൽ സംഘടിപ്പിച്ച ഇന്റർനാഷനൽ കോൺഫറൻസ് ഓൺ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പിലും ലാബ് ഇന്നൊവേഷൻസ് എക്സിബിഷനിലും ദുബൈ പ്രതിനിധികൾ പങ്കെടുത്തു. കൃത്രിമബുദ്ധി, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഉപഭോക്തൃസേവന രൂപകൽപ്പന, ഭാവിയിലെ സ്മാർട്ട് അതിർത്തി സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ വിദഗ്ധരുമായി സംഘം വിശദമായ ആശയവിനിമയം നടത്തുകയും ചെയ്തു.
സന്ദർശനത്തിന്റെ ഭാഗമായി ഭാവിയിലെ കൂടുതൽ സംയോജിതവും തടസ്സരഹിതവുമായ സർക്കാർ സേവനങ്ങൾ എങ്ങനെ രൂപപ്പെടുത്താം, മനുഷ്യകേന്ദ്രിതവും വേഗതയാർന്നതുമായ സേവന മാതൃകകൾ എങ്ങനെ സൃഷ്ടിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നു. ദുബൈയിലെ സേവനങ്ങളുടെ ഗുണമേന്മയും സന്ദർശകരുടെയും നിവാസികളുടെയും അനുഭവവും ഉയർത്തുകയാണ് ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
ഭാവി സാങ്കേതികവിദ്യകളും ഡിജിറ്റൽ സംവിധാനങ്ങളും സ്വീകരിക്കുന്നതിലൂടെ ദുബൈ ആഗോളതലത്തിൽ നേതൃസ്ഥാനത്ത് നിൽക്കുന്ന നഗരം എന്ന നിലയിൽ കൂടുതൽ ശക്തിപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര പഠനങ്ങൾ ടീമുകൾക്ക് പുതിയ ആശയങ്ങളും ആഗോള നിലവാരത്തിലുള്ള രീതികളും പഠിക്കാൻ അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.കെയിലെ പ്രമുഖ സ്ഥാപനങ്ങളുമായി നടത്തിയ പഠനപരീക്ഷണങ്ങളും പങ്കാളിത്തങ്ങളും ദുബൈ ഭാവി സർക്കാർ സേവന മോഡലുകൾ രൂപപ്പെടുത്തുന്നതിനും അന്താരാഷ്ട്ര മത്സരക്ഷമത വർധിപ്പിക്കുന്നതിനും വലിയ പിന്തുണയായിരിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

