ജി.ഡി.ആർ.എഫ്.എ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് തുടക്കമായി
text_fieldsക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന്റെ ഉദ്ഘാടന ചടങ്ങിൽ ലഫ്. ജനറൽ മുഹമ്മദ് അൽ മർറി സംസാരിക്കുന്നു
ദുബൈ: യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും നൂതനമായ ആശയങ്ങൾക്ക് രൂപം നൽകുന്നതിനും ലക്ഷ്യമിട്ട് ജി.ഡി.ആർ.എഫ്.എ ദുബൈ എട്ടാമത് ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. യു.എ.ഇയുടെ 2071 വിഷൻ പ്രകാരം, അറിവ് അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിക്കുന്ന ചുവടുവെപ്പുകളിലൊന്നാണ് സംരംഭം.
റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ദുബൈയിൽ നടന്ന ചടങ്ങിൽ, ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, മറ്റു അസി. ഡയറക്ടർ ജനറൽമാർ, കൂടാതെ ഡോ. മുഹമ്മദ് അൽ സറൂനി(ദുബൈ എയർപോർട്ട് ഫ്രീ സോൺ അതോറിറ്റി ഡയറക്ടർ ജനറൽ), ഡോ. അബ്ദുൽറഹ്മാൻ ഹസൻ അൽ മുഐനി(സാമ്പത്തിക-ടൂറിസം മന്ത്രാലയം അസി. അണ്ടർസെക്രട്ടറി), സയീദ് അൽ തായർ (ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സി.ഇ.ഒ) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഇതൊരു സാധാരണ പരിശീലന പരിപാടിയല്ലെന്നും മറിച്ച് യു.എ.ഇയുടെ യഥാർഥ സമ്പത്തായ മനുഷ്യരിൽ നടത്തുന്ന നിക്ഷേപമാണെന്നും ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
ഭാവിക്ക് തയ്യാറായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും ദുബൈയെ നവീന ആശയങ്ങളുടെ ആഗോള തലസ്ഥാനമായി ഉയർത്തുന്നതിനും സർഗാത്മകത അനിവാര്യമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിൽ നിന്നടക്കമുള്ള 39 പേർ പങ്കെടുത്ത ഈ വർഷത്തെ പരിപാടി ഇന്നവേഷൻ ആക്സിലറേറ്റർ ലാബിന്റെ കീഴിലാണ് നടക്കുന്നത്. ഇവിടെ നിർമ്മിതബുദ്ധി, ഡിജിറ്റൽ പരിവർത്തനം, ഭാവി-സന്നദ്ധത തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള നൂതന പ്രോജക്ടുകൾ അവതരിപ്പിക്കപ്പെട്ടു. ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരത്തോടെ രൂപകൽപന ചെയ്ത ഈ പ്രോഗ്രാം, ദുബൈയെ ആഗോള പ്രതിഭകളുടെയും നൂതന ചിന്തകളുടെയും കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

