വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് കൃത്യത ഉറപ്പാക്കണം -ജി.ഡി.ആർ.എഫ്.എ മേധാവി
text_fieldsജി.ഡി.ആർ.എഫ്.എ സംഘടിപ്പിച്ച മാധ്യമശിൽപശാലയിൽ ലഫ്. ജനറൽ മുഹമ്മദ് അൽ മർറി സംസാരിക്കുന്നു
ദുബൈ: ഏതു വിവരവും പങ്കുവെക്കുന്നതിനു മുമ്പ് അവയുടെ കൃത്യത ഉറപ്പാക്കേണ്ടത് സുപ്രധാനമായ ഉത്തരവാദിത്തമാണെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. യു.എ.ഇ. മീഡിയ കൗൺസിലുമായി സഹകരിച്ച് ‘പുതിയ മീഡിയാ സിസ്റ്റം’ എന്ന വിഷയത്തിൽ ജി.ഡി.ആർ.എഫ്.എ സംഘടിപ്പിച്ച ബോധവത്കരണ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇയുടെയും ഇവിടത്തെ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പ്രതിച്ഛായ എന്നത് നിസ്സാരമായി കാണാൻ കഴിയില്ല. പ്രത്യേകിച്ച് ലോകത്തോടുള്ള രാജ്യത്തിന്റെ തുറന്ന സമീപനത്തിന്റെ പശ്ചാത്തലത്തിൽ ഇതു പ്രധാനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ മാധ്യമ സംവിധാനം എല്ലാത്തരം മാധ്യമ പ്രവർത്തനങ്ങൾക്കും സോഷ്യൽ മീഡിയ പരസ്യങ്ങൾക്കും പ്രാഥമിക റഫറൻസായി വർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവർത്തനങ്ങളെക്കുറിച്ചും യു.എ.ഇ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിനെക്കുറിച്ചുമുള്ള അവബോധം നൽകുന്നതിന്റെ ഭാഗമായിരുന്നു ശിൽപശാല. ജി.ഡി.ആർ.എഫ്.എയുടെ മുഖ്യആസ്ഥാനത്തെ ഓഫിസേഴ്സ് ക്ലബിൽ നടന്ന പരിപാടിയിൽ ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ സി.ഇ.ഒ അബ്ദുല്ല ബിൻ ദൽമൂക്ക്, യു.എ.ഇ മീഡിയ കൗൺസിലിന്റെ ഉന്നത പ്രതിനിധികൾ, ഇമിഗ്രേഷൻ ഡിപ്പാർട്ടമെന്റിലെ വിവിധ മേധാവികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
2023ൽ യു.എ.ഇ. മീഡിയ കൗൺസിൽ സ്ഥാപിതമായതിനുശേഷം രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ ഫലമാണ് നിലവിലെ ചട്ടക്കൂട്. മീഡിയ റെഗുലേഷൻ നിയമം, അതിന്റെ എക്സിക്യൂട്ടിവ് ബൈലോ, മറ്റ് നിരവധി നിയന്ത്രണ തീരുമാനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. യു.എ.ഇ. മീഡിയാ കൗൺസിലിലെ മീഡിയാ ലൈസൻസിങ് ഡയറക്ടർ ഇബ്രാഹിം ഖാദിമും പരിപാടിയിൽ സംസാരിച്ചു. പുതിയ മാധ്യമ സംവിധാനം എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും പങ്കിട്ട ഉത്തരവാദിത്തത്തിലും പങ്കാളികൾക്കിടയിലുള്ള ഏകോപനത്തിലും അധിഷ്ഠിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

