ജി.ഡി.ആർ.എഫ്.എ മേധാവിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് ഇന്ത്യയുടെ ആദരം
text_fieldsയു.എ.ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയെ ആദരിക്കുന്നു
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് -ദുബൈ (ജി.ഡി.ആർ.എഫ്.എ ദുബൈ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ്, ഇന്ത്യയുടെ (ഐ.ഒ.ഡി) വിശിഷ്ട ഫെലോഷിപ്. യു.എ.ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തിലും അൽ ഹബ്തൂർ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അംഗീകാരം സമ്മാനിച്ചു.
യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, അൽ ഹബ്തൂർ ഗ്രൂപ് ചെയർമാൻ ഖലഫ് അഹമ്മദ് അൽ ഹബ്തൂർ അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പൊതുസേവനത്തിലും സ്ഥാപനപരമായ മികവിലും മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ്, ഇന്ത്യ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിക്ക് ലഭിച്ചത്.
മികച്ച രീതിയിൽ സർക്കാർ സേവനങ്ങൾ വികസിപ്പിച്ച് ജീവിതനിലവാരം ഉയർത്തുന്നതിലും, സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും ലഫ്. ജനറൽ അൽ മർറി കാഴ്ചവെച്ച നേതൃത്വത്തെയും, യു.എ.ഇയുടെയും പ്രത്യേകിച്ച് ദുബൈയുടെയും സ്ഥാനം ആഗോളതലത്തിൽ മെച്ചപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾക്കുള്ള ആദരവാണ് അംഗീകാരം. മുൻ ഇന്ത്യൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാമിനെപ്പോലുള്ള പ്രമുഖ അന്താരാഷ്ട്ര വ്യക്തികൾക്ക് മുമ്പ് ഈ ഫെലോഷിപ് നൽകിയിട്ടുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് കൗൺസിൽ പ്രസ്താവിച്ചു. വിശിഷ്ട ഫെലോഷിപ് അവാർഡ് ലഭിച്ചത് ഒരു വ്യക്തിഗത നേട്ടം എന്നതിലുപരി, നൂതനത്വത്തെയും കാര്യക്ഷമമായ പ്രവർത്തനത്തെയും പിന്തുണക്കുന്ന യു.എ.ഇയിലെ സ്ഥാപനങ്ങളിൽ അർപ്പിക്കപ്പെട്ട വിശ്വാസത്തിന്റെ അന്താരാഷ്ട്ര അംഗീകാരം കൂടിയാണെന്ന് അൽ മർറി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

