സേവനങ്ങളറിയാൻ ദുബൈ ഹിൽസ് മാളിൽ ജി.ഡി.ആർ.എഫ്.എ കാമ്പയിൻ
text_fieldsകാമ്പയിൻ പവലിയനിൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ സന്ദർശനം നടത്തുന്നു
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ ഹിൽസ് മാളിൽ ‘ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്’ എന്ന ശീർഷകത്തിൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
പൗരന്മാരുടെയും താമസക്കാരുടെയും ഇടയിൽ ജി.ഡി.ആർ.എഫ്.എയുടെ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയും അവ ലളിതവും പ്രാപ്യവുമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. രാവിലെ 10 മുതൽ രാത്രി 10 വരെ സന്ദർശന സമയം. ഇതിനായി മാളിൽ പ്രത്യേക പവിലിയൻ സ്ഥാപിച്ചിട്ടുണ്ട്. ഗോൾഡൻ വിസ, പ്രവേശനാനുമതി, ഐഡന്റിറ്റി കാർഡ്, ദേശീയതാ സേവനങ്ങൾ, ‘ആമർ അസിസ്റ്റന്റ്’ ഉൾപ്പെടെ വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി അറിയാൻ സന്ദർശകർക്ക് അവസരമുണ്ടാകും.
വിവരദായകമായ സ്റ്റാളുകളും പരിശീലനം ലഭിച്ച ജീവനക്കാരിലൂടെ നേരിട്ടുള്ള മാർഗനിർദേശങ്ങളും കാമ്പയിനിന്റെ ഭാഗമാണ്. കുട്ടികൾക്കായി സലീം, സലാമ എന്നീ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ കോർണറും ഒരുക്കിയിട്ടുണ്ട്. കാമ്പയിൻ അടുത്ത വെള്ളിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

