ജി.ഡി.ആർ.എഫ്.എ സംഘം സിംഗപ്പൂരിൽ; തുറമുഖ, സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി
text_fieldsദുബൈയിലെ ഉദ്യോഗസ്ഥ സംഘത്തിന് സിംഗപ്പൂർ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നു
ദുബൈ: അതിർത്തി, തുറമുഖ സംവിധാനങ്ങളുടെ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈയിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥ-പ്രതിനിധി സംഘം സിംഗപ്പൂരിൽ സന്ദർശനം നടത്തി. ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജി.ഡി.ആർ.എഫ്.എ) ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറിന്റെ നേതൃത്വത്തിലുള്ള ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് പര്യടനം നടത്തിയത്. ദുബൈ എയർപോർട്ട് സർവിസസ് സെക്ടറിലെ ഡെപ്യൂട്ടി അസി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ വാലിദ് അഹ്മദ്, ജി.ഡി.ആർ.എഫ്.എയുടെ ഡിജിറ്റൽ സർവിസസ് സെക്ടറിലെ അസി. ഡയറക്ടർ ജനറൽ കേണൽ ഖാലിദ് ബിൻ മിദിയ അൽ ഫലാസി എന്നിവർ ഉൾപ്പെടെ നിരവധി വിദഗ്ധ ഉദ്യോഗസ്ഥർ സംഘത്തിലുണ്ടായിരുന്നു.
സിംഗപ്പൂരിലെ പാസിർ പാൻജാങ് സ്കാനിങ് സ്റ്റേഷൻ, വുഡ്ലാൻഡ്സ് ചെക്ക്പോയന്റ്, ചാങി അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ അതിർത്തി സുരക്ഷാസംവിധാനങ്ങളുള്ള പ്രധാന കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു.
സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങളും നിർമിതബുദ്ധിയുമായി സംയോജിപ്പിച്ച സുരക്ഷ, യാത്രാസൗകര്യ സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് സംഘം അവലോകനം ചെയ്തു.
യാത്രാ നടപടികളിലെ വേഗത, സുരക്ഷ വിലയിരുത്തൽ സംവിധാനങ്ങൾ, അന്തർദേശീയ സഹകരണ മാതൃകകൾ തുടങ്ങിയ മേഖലകളിൽ നിലവിലുള്ള ആഗോള മികച്ച പ്രായോഗിക മാതൃകകളെക്കുറിച്ചും പഠനം നടത്തി.
സിംഗപ്പൂരിലെ ഇമിഗ്രേഷൻ ആൻഡ് ചെക്ക്പോയന്റ്സ് അതോറിറ്റി (ഐ.സി.എ) ആസ്ഥാനവും സംഘം സന്ദർശിച്ചു. യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും സിംഗപ്പൂർ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന അത്യാധുനിക ഓട്ടോമേഷൻ, എ.ഐ സംയോജിത സംവിധാനങ്ങളെയും പഠനവിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

