സേവനങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ ഉപയോഗിക്കണമെന്ന് ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് പൊതുജനങ്ങളെ ഓർമപ്പെടുത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ, ദുബൈ). ജി.ഡി.ആർ.എഫ്.എ ദുബൈയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിച്ചത്.
വിസ, റെസിഡൻസി, യാത്രാരേഖകൾ, വിവിധ സർക്കാർ സേവന അപേക്ഷകൾ എന്നിവക്ക് സർക്കാർ അംഗീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സേവന കേന്ദ്രങ്ങളും മാത്രമേ ഉപയോഗിക്കാവൂവെന്ന് അധികൃതർ വ്യക്തമാക്കി. അനൗദ്യോഗിക ഇടനിലക്കാരെയും വ്യാജ മാർഗങ്ങളെയും ഒഴിവാക്കുന്നത് നടപടിക്രമങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനും സഹായകമാണെന്നും ജി.ഡി.ആർ.എഫ്.എ അറിയിച്ചു.
ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ വഴി ഇടപാടുകൾ പൂർത്തിയാക്കുന്നതിലൂടെ നടപടികൾ സുരക്ഷിതമായി സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇതുവഴി തെറ്റിദ്ധാരണകളും അനാവശ്യ ബുദ്ധിമുട്ടുകളും ഒഴിവാക്കാനും പൊതുജനങ്ങൾക്ക് കഴിയും. പൊതുജനങ്ങളുടെ സുരക്ഷയും സേവനങ്ങളുടെ സുതാര്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓർമപ്പെടുത്തൽ നൽകിയിരിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ അറിയിച്ചു. സർക്കാർ അംഗീകരിച്ച മാർഗങ്ങൾ പിന്തുടരുന്നതാണ് സുരക്ഷിതമായും ശരിയായ ദിശയിലുമുള്ള ഏക വഴി എന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. ദുബൈയിലെ വിസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും 8005111 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാമെന്നും ജനറൽ ഡയറക്ടറേറ്റ് ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

