ജി.ഡി.ആർ.എഫ്.എയും ഡി.ഐ.എഫ്.സിയും കൈകോർക്കുന്നു
text_fieldsദുബൈ ജി.ഡി.ആർ.എഫ്.എയുടെയും ഡി.ഐ.എഫ്.സിയുടെയും പ്രതിനിധികൾ കരാർ ഒപ്പുവെക്കുന്നു
ദുബൈ: സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പരസ്പര സഹകരണം ശക്തമാക്കുന്നതിനുമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡി.ഐ.എഫ്.സി) അതോറിറ്റിയും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ദുബൈയിൽ നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എയ്ക്ക് വേണ്ടി എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ് സെക്ടർ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്തും, ഡി.ഐ.എഫ്.സി അതോറിറ്റിക്കായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരിഫ് അമീരിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
ദുബൈയുടെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകാനും സേവനങ്ങളുടെ നിലവാരം ഉയർത്തി ജനജീവിതം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇരു സ്ഥാപനങ്ങളും കൈകോർക്കുന്നത്. ഡി.ഐ.എഫ്.സിയിലെ ഉപഭോക്താക്കൾക്കും ഫാമിലി വെൽത്ത് സെന്റർ അംഗങ്ങൾക്കും മികച്ച സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഈ സഹകരണത്തിലൂടെ സാധിക്കും. നിയമ, സാങ്കേതിക, ഭരണപരമായ കാര്യങ്ങളിൽ ഇരു വിഭാഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കും. സർക്കാർ സേവനങ്ങളെ ഏകോപിപ്പിക്കുന്നതിൽ ഇതൊരു പുതിയ നാഴികക്കല്ലാണെന്ന് ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. നൂതനവും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ സേവനങ്ങളാണ് ദുബൈ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും നടപടിക്രമങ്ങൾ എളുപ്പമാക്കാനും ദുബായിയെ ആഗോള ബിസിനസ് ഹബ്ബായി നിലനിർത്താനും ഈ കൂട്ടായ്മ സഹായിക്കുമെന്ന് ഡി.ഐ.എഫ്.സി ഗവർണർ ഈസ കാസിം അഭിപ്രായപ്പെട്ടു. രണ്ട് വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും കുടുംബ ബിസിനസുകൾക്കും ആവശ്യമായ സേവനങ്ങൾ നൽകുന്നതിലും അവരുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിലും ഈ സഹകരണം നിർണ്ണായകമാകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

