എ.ഐ ഗവർണൻസ് സർട്ടിഫിക്കേഷൻ നേടി ജി.ഡി.ആർ.എഫ്.എ
text_fieldsജി.ഡി.ആർ.എഫ്.എ ദുബൈ എ.ഐ ഗവർണൻസ് സർട്ടിഫിക്കേഷൻ ലഭിച്ചതിലുള്ള അനുമോദന ചടങ്ങിൽ ഉദ്യോഗസ്ഥർ
ദുബൈ: നിർമിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യയുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുന്നതിൽ ജി.ഡി.ആർ.എഫ്.എക്ക് ആഗോള അംഗീകാരം. അന്താരാഷ്ട്ര നിലവാരമായ ഐ.എസ്.ഒ/ഐ.ഇ.സി 42001:2023 എ.ഐ മാനേജ്മെന്റ് സിസ്റ്റം സർട്ടിഫിക്കേഷൻ ജി.ഡി.ആർ.എഫ്.എ സ്വന്തമാക്കി. സ്വദേശികളുടെയും വിദേശികളുടെയും താമസ-കുടിയേറ്റ നടപടിക്രമങ്ങളും റെസിഡൻസി-എൻട്രി വിസ സേവനങ്ങളും കൈകാര്യം ചെയ്യുന്ന പ്രധാന സർക്കാർ സ്ഥാപനമാണ് ജി.ഡി.ആർ.എഫ്.എ.
ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എസ്.ഐ) നടത്തിയ ഓഡിറ്റുകളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കേഷൻ നൽകിയത്. നെതർലൻഡ്സിലെ ഡച്ച് അക്രഡിറ്റേഷൻ കൗൺസിൽ അംഗീകരിച്ച സർട്ടിഫിക്കേഷന് പൂർണ അന്താരാഷ്ട്ര അംഗീകാരമുണ്ട്. ഇതുമായി ബന്ധപ്പെട്ട അനുമോദന ചടങ്ങ് ജനറൽ ഡയറക്ടറേറ്റിന്റെ മുഖ്യ ഓഫീസിൽ നടന്നു. മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ അസി. ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
എ.ഐയുടെ സുരക്ഷിതവും സുതാര്യവുമായ ഉപയോഗം ഉറപ്പാക്കി സമഗ്രമായ ഡിജിറ്റൽ ഭരണസംവിധാനം രൂപപ്പെടുത്താനുള്ള ജി.ഡി.ആർ.എഫ്.എയുടെ ശ്രമങ്ങളെയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. നവീകരണം, ഡാറ്റ സംരക്ഷണം, പൊതുജന വിശ്വാസം എന്നിവ സംയോജിപ്പിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് എ.ഐ മാനേജ്മെന്റ് സംവിധാനം നടപ്പാക്കുന്നതിലൂടെ സാങ്കേതികവിദ്യയെ സേവന ഗുണനിലവാരവും പ്രവർത്തന കാര്യക്ഷമതയും വർധിപ്പിക്കുന്ന പ്രായോഗിക ഉപകരണങ്ങളാക്കി മാറ്റും. ആഗോള തലത്തിൽ അംഗീകാരം നേടിയ ഈ സർട്ടിഫിക്കേഷൻ, എ.ഐ സാങ്കേതികവിദ്യയുടെ സുരക്ഷിതവും നൈതികവുമായ ഉപയോഗം ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെയും പങ്കാളികളുടെയും വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

