ജി.സി.സി രാജ്യങ്ങളിലെ ജനസംഖ്യ 62.8 കോടി; 38.2 ശതമാനവും യുവാക്കൾ
text_fieldsദുബൈ: ജി.സി.സി രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ 2025ൽ ഏകദേശം 6.28 കോടിയെന്ന് ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ (ജി.സി.സി-സ്റ്റാറ്റ്) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 5.66 കോടിയായിരുന്ന ജനസംഖ്യയാണ് മൂന്ന് വർഷത്തിനിടെ 62 ലക്ഷം ആളുകളുടെ വർധനവോടെ ഈ നിരക്കിലേക്ക് ഉയർന്നത്. പ്രതിവർഷം ശരാശരി 3.5 ശതമാനം വളർച്ചാ നിരക്കാണ് ഗൾഫ് മേഖല രേഖപ്പെടുത്തുന്നത്.
‘യുവാക്കളുടെ പ്രതീക്ഷകളും ഭാവി സ്വപ്നങ്ങളും യാഥാർഥ്യമാക്കാൻ അവർക്ക് കരുത്തു പകരുക’ എന്ന പ്രമേയത്തിൽ ജൂലൈ 11ന് ആചരിച്ച ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിലാണ് ഈ വിവരങ്ങളുള്ളത്.
ഗൾഫ് മേഖലയിലെ ജനസംഖ്യാ ഘടനയിൽ യുവാക്കളുടെ വലിയ പങ്കാളിത്തമാണ് റിപ്പോർട്ടിലുള്ളത്. 2024ലെ കണക്കനുസരിച്ച് ആകെ ജനസംഖ്യയിൽ 2.35 കോടിയും 15നും 34നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. അതായത് മൊത്തം ജനസംഖ്യയുടെ 38.2 ശതമാനം വരുമിത്. 15 മുതൽ 64 വയസ്സ് വരെയുള്ള, ജോലി ചെയ്യാൻ ശേഷിയുള്ള ജനവിഭാഗം 76.7 ശതമാനമാണ്. 15 വയസ്സിൽ താഴെയുള്ളവർ 20.6 ശതമാനവും 65 വയസ്സിന് മുകളിലുള്ളവർ വെറും 2.6 ശതമാനവുമാണ്.
നിലവിൽ ലോക ജനസംഖ്യയുടെ 0.8 ശതമാനമാണ് ജി.സി.സി രാജ്യങ്ങളിലുള്ളത്. ഈ വളർച്ചാ നിരക്ക് തുടർന്നാൽ 2050ഓടെ മേഖലയിലെ ജനസംഖ്യ 8.36 കോടിയായി ഉയരുമെന്നും ഇത് 2025നെ അപേക്ഷിച്ച് 33.61 ശതമാനം വർധനവാണെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. സ്ത്രീ-പുരുഷ അനുപാതത്തിൽ 100 സ്ത്രീകൾക്ക് 168 പുരുഷന്മാർ എന്നതാണ് നിലവിലെ കണക്ക്. ചതുരശ്ര കിലോമീറ്ററിന് 25.5 ആളുകൾ എന്ന നിരക്കിലാണ് ജനസാന്ദ്രത.
ജനസംഖ്യയുടെ മുക്കാൽ ഭാഗത്തിലധികം വരുന്ന, ജോലി ചെയ്യാൻ ശേഷിയുള്ള ആളുകളുടെ ഉയർന്ന അനുപാതം സാമ്പത്തിക വളർച്ചക്ക് കരുത്തു പകരുന്നതിനും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും അടിത്തറയേകുന്നുവെന്ന് ബുള്ളറ്റിൻ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

