യു.എ.ഇക്കും ഖത്തറിനുമെതിരായ വ്യാജ പ്രചാരണങ്ങളെ അപലപിച്ച് ജി.സി.സി
text_fieldsദുബൈ: യു.എ.ഇക്കും ഖത്തറിനുമെതിരെ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും വ്യാജ വാർത്തകളെയും ശക്തമായി അപലപിച്ച് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയെയും സ്ഥിരതയെയും പിന്തുണക്കുന്നതിൽ ഇരുരാജ്യങ്ങളുടെയും നിലപാടുകളെയും ക്രിയാത്മക പങ്കിനെയും സംശയ നിഴലിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം പ്രചാരണങ്ങളെന്ന് റിയാദിൽ അദ്ദേഹം വ്യക്തമാക്കി.
ഇത്തരം ആരോപണങ്ങൾക്ക് ഒരുവിധ വിശ്വാസ്യതയോ വസ്തുതാപരമായ അടിത്തറയോ ഇല്ല. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും രാജ്യങ്ങൾക്കിടയിൽ ചർച്ചകളും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ജി.സി.സി രാജ്യങ്ങൾ നടത്തുന്ന ആത്മാർഥ ശ്രമങ്ങൾക്ക് തുരങ്കം വെക്കാനേ ഇത്തരം പ്രചാരണങ്ങൾ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഭിന്നതകൾ പരിഹരിക്കുന്നതിലും നയതന്ത്ര ശ്രമങ്ങളെ പിന്തുണക്കുന്നതിലും അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിലും യു.എ.ഇയും ഖത്തറും കഴിഞ്ഞ കുറച്ചുകാലങ്ങളായി മാതൃകാപരമായ പങ്കാണ് വഹിക്കുന്നത്. മേഖലയിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടുന്നതിലും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്ന നയങ്ങൾ നടപ്പിലാക്കുന്നതിലും ഇരു രാജ്യങ്ങളുടേതും മികച്ച മാതൃകയാണ്. തങ്ങളുടെ ജനങ്ങളുടെ സുരക്ഷയും വികസനവും ലക്ഷ്യമിട്ടുള്ള ഉത്തരവാദിത്തബോധത്തോടെയുള്ള സമീപനമാണ് അവരുടേത്. സ്ഥിരതയും സഹകരണവും വർധിപ്പിക്കുന്നതിന് കരുത്തുപകരുന്ന നയങ്ങളുമായി ജി.സി.സി രാജ്യങ്ങൾ മുന്നോട്ട് പോവുകയാണ്. അംഗരാജ്യങ്ങളെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഏതൊരു മാധ്യമ പ്രചാരണത്തെയും ജി.സി.സി തള്ളിക്കളയുന്നുവെന്നും അൽബുദൈവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

