ഗസ്സക്ക് ജീവജലം; പൈപ്പ്ലൈൻ പദ്ധതി പുരോഗമിക്കുന്നു
text_fieldsഗസ്സയിൽ പുരോഗമിക്കുന്ന കുടിവെള്ള പൈപ്പ് ലൈൻ പദ്ധതി
ദുബൈ: യുദ്ധം തകർത്ത ഗസ്സയിൽ യു.എ.ഇ നടപ്പാക്കുന്ന ലൈഫ് ലൈൻ കുടിവെള്ള വിതരണ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അധിവേഗം പുരോഗമിക്കുന്നു. പദ്ധതി വിലയിരുത്താൻ യു.എ.ഇ സംഘം വെള്ളിയാഴ്ച ഗസ്സയിലെത്തി. ഗസ്സയിലേക്ക് കുടിവെള്ളമെത്തിക്കുന്ന കോസ്റ്റൽ മുനിസിപ്പാലിറ്റീസ് വാട്ടർ യൂട്ടിലിറ്റിയുമായി ചേർന്നാണ് യു.എ.ഇ ലൈഫ് ലൈൻ ജല വിതരണ പദ്ധതി നടപ്പാക്കുന്നത്. ദുരിതബാധിതരിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള ഏഴ് കിലോമീറ്റർ പൈപ്പ് ലൈൻ പദ്ധതിയാണിത്.
റഫ അതിർത്തിയിൽ ഈജിപ്തിന്റെ പ്രദേശത്ത് യു.എ.ഇ നിർമിച്ച കുടിവെള്ള സംസ്കരണ പ്ലാന്റിൽ നിന്ന് തെക്കൻ ഗസ്സയിലെ അൽമവാസി വരെ നീളുന്നതാണ് പൈപ്പ് ലൈൻ. വീടും തണലും നഷ്ടപ്പെട്ട ഗസ്സയിലെ ആറ് ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ഈ പദ്ധതിയിലൂടെ ദാഹജലമെത്തിക്കാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. നിർമാണജോലികൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്നും താമസിയാതെ കുടിവെള്ളവിതരണം ആരംഭിക്കാനാകുമെന്നും പദ്ധതി വിലയിരുത്താനെത്തിയ സാങ്കേതിക വിദഗ്ധർ പറഞ്ഞു.
പദ്ധതി യാഥാർഥ്യമായാൽ ആയിരക്കണക്കിന് ഫലസ്തീനികൾ ഓരോ ദിവസവും അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ അറുതിയാകും. കൂടാതെ മാനുഷികമായ പ്രതിസന്ധിയെ നേരിടുന്നതിൽ പ്രാദേശിക, അന്താരാഷ്ട്ര സഹകരണത്തിന്റെ ഉദാത്ത മാതൃകയായും യു.എ.ഇയുടെ കുടിവെള്ള പൈപ്പ്ലൈൻ പദ്ധതി വിശേഷിപ്പിക്കുന്നു. ഗസ്സക്ക് സഹായമെത്തിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഷിവർലസ് നൈറ്റ് 3 സംരംഭത്തിന്റെ ഭാഗമാണ് കുടിവെള്ള പൈപ്പ്ലൈൻ പദ്ധതിയും. പദ്ധതിക്ക് കീഴിൽ യു.എ.ഇ മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, താമസ ടെന്റുകൾ തുടങ്ങി അനേകം സഹായങ്ങൾ വിതരണം ചെയ്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

