ഗസ്സ: സഹായ വസ്തുക്കൾ തടയുന്നതിനെ അപലപിച്ച് യു.എ.ഇ
text_fieldsദുബൈ: ഗസ്സയിലെ ദുരിതബാധിതർക്കുള്ള സഹായ വസ്തുക്കൾ തടയുന്നതും അന്താരാഷ്ട്ര സന്നദ്ധ സംഘത്തിന്റെകേന്ദ്രത്തിന് നേരെ നടന്ന അക്രമവും അപലപനീയമെന്ന് യു.എ.ഇ. ജീവകാരുണ്യ സംവിധാനങ്ങളുടെ പരിരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണ് ഇത്തരം നടപടികളെന്നും പ്രസ്താവനയിൽ പറഞ്ഞു. ജറൂസലമിലെ ‘യുനർവ’ കേന്ദ്രത്തിനും ജോർഡനിൽ നിന്നും ഗസ്സയിലേക്കയച്ച സഹായ ട്രക്കുകൾക്ക് നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ പ്രതികരണം. ജൂത കുടിയേറ്റക്കാരാണ് ജോർഡൻ സഹായ ട്രക്കുകൾക്ക് നേരെ ആക്രമണം നടത്തിയത്. അധിനിവിഷ്ട ജറൂസലമിൽ പ്രവർത്തിച്ചു വന്ന ‘യുനർവ’യുടെ ആസ്ഥാന കേന്ദ്രത്തിനു നേരെ നടന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. രണ്ട് ആക്രമണങ്ങളുടെയും പൂർണ ഉത്തരവാദിത്തം ഇസ്രായേലിനു തന്നെയാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം നടപടികൾ സ്വീകരിച്ചവർക്കെതിരെ നിയമപരമായ നടപടി കൈക്കൊള്ളണം. നീണ്ടകാലമായി തുടരുന്ന യുദ്ധത്തിെൻറ ഇരകളായി മാറിയ സാധാരണക്കാർക്ക് സാന്ത്വനം പകരാനുള്ള നീക്കങ്ങളാണ് ‘യുനർവ’ ഏറ്റെടുത്തിരിക്കുന്നത്. ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ ജോർദാൻ നടത്തുന്ന സഹായവിതരണം തടഞതും ഗുരുതര കുറ്റകൃത്യമാണെന്നും യു.എ.ഇ വിലയിരുത്തി. ഗസ്സയിൽ അടയന്തര വെടിനിർത്തൽ അനിവാര്യമാണ്. സാധാരണക്കാരെയും സന്നദ്ധ സംഘടനകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചു കൊണ്ടുള്ള നടപടികളിൽ നിന്ന് ഇസ്രായേൽ പിൻമാറണം. ഗസ്സയിലേക്ക് തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി ആവശ്യമാണെന്നും പ്രസ്താവന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

