അബൂദബിയിൽ ഗസ്സ റിലീഫ് കാമ്പയിൻ ആരംഭിച്ചു
text_fieldsഗസ്സ റിലീഫ് കാമ്പയിനിന്റെ ഭാഗമായി ശേഖരിച്ച സഹായവസ്തുക്കൾ
അബൂദബി: യുദ്ധത്തിന്റെ ദുരിതം പേറുന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി പ്രഖ്യാപിച്ച കാമ്പയിൻ പ്രവർത്തനങ്ങൾ അബൂദബിയിൽ ആരംഭിച്ചു. ഭക്ഷണ പദാർഥങ്ങൾ, ശുചിത്വ ഉപകരണങ്ങൾ, ആരോഗ്യ അടിയന്തര വസ്തുക്കൾ എന്നിവ ശേഖരിച്ച് ഗസ്സയിലെത്തിക്കുന്നതിനാണ് ‘ഗസ്സക്ക് വേണ്ടി അനുകമ്പ’ എന്ന തലക്കെട്ടിൽ കാമ്പയിൻ പ്രഖ്യാപിച്ചത്.
പദ്ധതിയിലെ ആദ്യ പരിപാടി ഞായറാഴ്ച മിന സായിദിലെ അബൂദബി പോർട്സ് ഹാളിൽ നടന്നു. എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ വസ്തുക്കൾ പാക്ക് ചെയ്യാനും സഹായിക്കാനുമായി ആയിരത്തിലേറെ പേരാണ് എത്തിയത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെയാണ് വളന്റിയർമാർ സേവനം ചെയ്തത്. ഇതിലൂടെ ശേഖരിക്കുന്ന 13,000 ദുരിതാശ്വാസ കിറ്റുകൾ ഈജിപ്തുമായി സഹകരിച്ച് ഗസ്സയിലെത്തിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്ന പുരുഷൻമാർക്കും വ്യത്യസ്ത സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റാണ് ഒരുക്കുന്നത്.
ഭക്ഷ്യപൊതിയിൽ ധാന്യങ്ങൾ, എണ്ണ, ഹമ്മുസ് സീഡ്സ്, ഗ്രീൻപീസ്, കോൺ, ടൂണ, ഇറച്ചി, ചായപ്പൊടി, ഉപ്പ്, പഞ്ചസാര, ബിസ്കറ്റുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ പാക്കറ്റിൽ പാൽപൊടി, പാൽ, ടവലുകൾ, ബിസ്കറ്റ്, ടൂത്ത്പേസ്റ്റ്, സോപ്പ്, ഷാംപൂ, ഡയപ്പർ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുഷിക, ജീവകാരുണ്യ സ്ഥാപനങ്ങൾ, സന്നദ്ധ കേന്ദ്രങ്ങൾ, സ്വകാര്യ മേഖല, മാധ്യമങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ ദുരിതാശ്വാസ വസ്തുക്കൾ സമാഹരിക്കുന്നതിന് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്റെ തുടക്കമാണ് അബൂദബിയിൽ നടന്നത്.
മറ്റു എമിറേറ്റുകളിലും വരും ദിവസങ്ങളിൽ ശേഖരണം നടക്കും. വേൾഡ് ഫുഡ് പ്രോഗ്രാം, വിദേശകാര്യ മന്ത്രാലയം, കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ ആരംഭിച്ചത്. ഫലസ്തീൻ ജനതക്ക് രണ്ടു കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശിച്ചതിന് പിന്നാലെയാണ് കാമ്പയിൻ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

