രക്തം ദാനം ചെയ്തത് 323 തവണ; അർബുദത്തെയും അതിജീവിച്ച് ഗെയിൽ ഡിസൂസ
text_fields323 തവണ രക്തം ദാനം ചെയ്ത ഗെയിൽ ഡിസൂസയെ ദുബൈ ബ്ലഡ് ഡൊണേഷൻ സെന്‍റർ ആദരിച്ചപ്പോൾ
ദുബൈ: 'എന്‍റെമേൽ നിരവധി രോഗികളുടെ പ്രാർഥനകളുണ്ട്. അതാണ് അർബുദത്തെ അതിജീവിക്കാൻ എന്നെ തുണച്ചത്' -59കാരിയായ ഗെയിൽ ഡിസൂസ പറയുന്നു. മുംബൈ സ്വദേശിനിയായ ഗെയിൽ ഡിസൂസ 1992 മുതൽ ദുബൈയിലെ താമസക്കാരിയാണ്. ഇത്രയധികം രോഗികളുടെ പ്രാർഥന എങ്ങനെയാണ് ഗെയിലിലേക്ക് എത്തിയതെന്നല്ലേ? 2003 മുതൽ 323 തവണയാണ് അവർ രക്തം ദാനം ചെയ്തിരിക്കുന്നത്. 2019ൽ സ്തനാർബുദം കണ്ടെത്തുന്നത് വരെ ഗെയിൽ രക്തദാനം മുടക്കിയില്ല. ഈ നല്ല മനസ്സിനുള്ള ആദരവായി ദുബൈ ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള ദുബൈ ബ്ലഡ് ഡൊണേഷൻ സെന്‍റർ ഗെയിൽ ഡിസൂസക്ക് പ്രശസ്തിപത്രം നൽകി.
'ഒ നെഗറ്റിവ്' ആണ് ഗെയിലിന്‍റെ ബ്ലഡ് ഗ്രൂപ്. അത് യൂനിവേഴ്സൽ ബ്ലഡ് ഗ്രൂപ് ആയതിനാൽ ഏത് ബ്ലഡ് ഗ്രൂപ്പുകാർക്കും സ്വീകരിക്കാൻ കഴിയുമെന്നതിനാൽ നിരവധി പേർക്ക് ഗെയിലിന്‍റെ സേവനം പ്രയോജനപ്പെട്ടു. ശസ്ത്രക്രിയകൾക്കും അത്യാഹിത സാഹചര്യങ്ങളിലുമെല്ലാം രക്തം നൽകാൻ സന്നദ്ധയായി ഗെയിൽ എത്തിച്ചേർന്നിരുന്നു. സ്തനാർബുദം കണ്ടെത്തുന്നതുവരെ അത് തുടർന്നു. 'എന്നാൽ, കഴിയുന്നത്ര സഹായം രോഗികൾക്ക് ചെയ്യാൻ അവസരം നൽകിയതിൽ ദൈവത്തിനോട് നന്ദി പറയുന്നു. ഒരിക്കലും കാണുക പോലും ചെയ്തിട്ടില്ലാത്ത ആളുകൾക്കാണ് ഞാൻ രക്തം നൽകിയത്. എനിക്ക് രോഗം വന്നപ്പോൾ അജ്ഞാതരായ പലരിൽ നിന്നും എനിക്കും രക്തം ലഭിച്ചു. നിരവധി പേരുടെ പ്രാർഥനയും എനിക്ക് അർബുദത്തെ അതിജീവിക്കാൻ സഹായകമായി' -ഗെയിൽ ഡിസൂസ പറയുന്നു.
രണ്ട് ആൺമക്കളാണ് ഗെയിലിന്. 1992ൽ മൂത്ത മകനെ ഗർഭം ധരിച്ചിരിക്കുമ്പോൾ അഞ്ചാം മാസത്തിൽ ഗെയിലിന് രക്തസ്രാവം ഉണ്ടാകുകയും ചികിത്സക്ക് ആവശ്യമായ രണ്ടു കുപ്പി രക്തം ആരൊക്കെയോ നൽകുകയും ചെയ്തു. മൂന്നു വർഷം കഴിഞ്ഞപ്പോൾ ഒരു സുഹൃത്തിന്‍റെ ബൈപാസ് ശസ്ത്രക്രിയക്കായി രക്തം നൽകിയാണ് തന്‍റെ ദൗത്യം ഇവർ തുടങ്ങുന്നത്. പിന്നീട് മൂന്നുമാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യുമായിരുന്നെങ്കിലും 1997ൽ രണ്ടാമത് ഗർഭിണിയായപ്പോൾ നിർത്തി. പിന്നീട് 2003ലാണ് 16 വർഷം നീണ്ട രക്തദാന സപര്യ പുനരാരംഭിക്കുന്നത്. പിന്നെ 2019 വരെ തുടർച്ചയായി രക്തദാനം നിർവഹിക്കുകയായിരുന്നു. ഇപ്പോൾ ഗെയിൽ ഡിസൂസയുടെ മക്കളും രക്തദാന രംഗത്ത് സജീവമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

