പത്മരാജന്റെ ഓർമകളുമായി ‘ഗഗനചാരി’
text_fields‘ഗഗനചാരി’ പരിപാടിയിൽ പത്മരാജന്റെ സഹധർമിണി രാധാലക്ഷ്മി സംസാരിക്കുന്നു. സമീപം
മകൻ അനന്തപത്മനാഭൻ, നടി സുമലത അംബരീഷ് എന്നിവർ
ദുബൈ: പ്രശസ്ത മലയാള ചലച്ചിത്രകാരൻ പി.പത്മരാജന്റെ സാഹിത്യം, സിനിമ, ജീവിതം എന്നിവ കോർത്തിണക്കി ‘ഗഗനചാരി’ എന്ന പേരിൽ സംഗീത സായാഹ്നം ഒരുക്കി. കാമറയിലൂടെ പത്മരാജൻ കണ്ട കാഴ്ചകളും എഴുത്തിലൂടെ മലയാളികൾക്ക് മുന്നിലെത്തിച്ച വരികളും കഥകളും അദ്ദേഹം മരണപ്പെട്ട് കാലമേറെ കഴിഞ്ഞിട്ടും മലയാളികളെ ഇന്നും വിസ്മയിപ്പിക്കുന്നുവെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത പത്മരാജന്റെ പ്രിയ നായിക സുമലത അംബരീഷ് അനുസ്മരിച്ചു.
പത്മരാജന്റെ സഹധർമിണി രാധാലക്ഷ്മിയും മകൻ അനന്തപത്മനാഭനും ചടങ്ങിൽ സംബന്ധിച്ചു. ജൂനിയറായി ആകാശവാണിയിൽ എത്തിയ പത്മരാജനോട് താൻ പങ്കുവെച്ച നാട്ടുവിശേഷങ്ങളാണ് പിന്നീട് പത്മരാജന്റെ തിരക്കഥകളായി മാറിയതെന്നും, അതിൽ മിക്കതും പിന്നീട് നാട്ടുകാരുമായും ബന്ധുക്കളുമായും പിണക്കങ്ങൾക്ക് വഴിവെച്ചുവെന്നും അവർ സരസരൂപേണ അനുസ്മരിച്ചു. അച്ഛൻ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്നതിൽ അഭിമാനമുണ്ടെന്ന് എഴുത്തുകാരൻ കൂടിയായ മകൻ അനന്തപത്മനാഭൻ, അദ്ദേഹത്തിന്റെ കുറിപ്പുകൾ വായിക്കുന്നതിനിടെ അനുസ്മരിച്ചു. വാണിജ്യപരമായി പരാജയപ്പെട്ട ഒരു ചിത്രത്തെ റിലീസ് കഴിഞ്ഞ് നാൽപത് വർഷം പിന്നിട്ട ശേഷം ഇങ്ങനെ ആഘോഷിക്കുന്ന ഒരു ജനത ലോകത്ത് വേറെ ഉണ്ടാകില്ലെന്ന് ‘തൂവാനത്തുമ്പികൾ’ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പത്മരാജന്റെ കൃതികളെയും കഥാപാത്രങ്ങളെയും കൂട്ടിയിണക്കി സാന്റ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ ദൃശ്യാവിഷ്കാരം ഒരുക്കി. സിനർജി ഇവന്റ്സ് ഒരുക്കിയ ഗഗനചാരിയിൽ ആർ.ജെ മിഥുൻ രമേശ്, മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

