എവറസ്റ്റിന് മുകളിൽ പാറി യു.എ.ഇ പതാക; ചരിത്രം കുറിച്ച് ഗബ്രിയേൽ
text_fieldsഗബ്രിയേൽ മിഡിൽട്ടൺ
ദുബൈ: എവറസ്റ്റ് കൊടമുടിക്ക് മുകളിൽ യു.എ.ഇ പതാക പാറി ച്ച് ഒരു കൗമാരക്കാരൻ. ദുബൈയിൽ പ്രവാസിയായ പതിനേഴുകാരൻ ഗബ്രിയേൽ മിഡിൽട്ടൺ ആണ് ഈ അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന പ്രായം കുറഞ്ഞ ബ്രിട്ടീഷുകാരനെന്ന ചരിത്രനേട്ടവും ഈ ഉദ്യമത്തിൽ മിഡിൽട്ടൺ സ്വന്തം പേരിൽ കുറിച്ചു. പിതാവും പ്രശസ്ത ടി.വി താരവുമായ ആന്‍റ് മിഡിൽട്ടണൊപ്പമാണ് ഗബ്രിയേൽ എവറസ്റ്റ് കീഴടക്കിയത്.
17 വയസ്സും ഒരു മാസവും 28 ദിവസവും പ്രായമുള്ളപ്പോഴാണ് ഗബ്രിയേൽ മെയ് 27ന് രാവിലെ 9.20ന് ഹിമാലയൻ മലനിരകളുടെ നെറുകയിൽ എത്തിയത്. ടി.വി താരവും മുൻ റോയൽ മറീനുമായ ആന്‍റ് മിഡിൽട്ടൺ മൂന്ന് വർഷം മുമ്പാണ് കുടുംബത്തോടൊപ്പം ദുബൈയിൽ സ്ഥിരതാമസമാക്കിയത്. എട്ട് വർഷം മുമ്പ് എവറസ്റ്റ് കൊടുമുടി കയറിയിട്ടുള്ള ആന്‍റ് ആണ് മകനെ ചരിത്ര നേട്ടത്തിലേക്ക് കൈപിടിച്ചത്.
‘കഠിനമായ വേദനക്കും കഷ്ടപ്പാടുകൾക്കും ഒടുവിൽ ഇത്രയധികം സന്തോഷം അനുഭവിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ലക്ഷ്യം പൂർത്തിയായ നിമിഷം ആ വേദനകളെല്ലാം അപ്രത്യക്ഷമായി. അത് പെട്ടെന്ന് വലിയൊരു സന്തോഷമായി മാറുകയും ചെയ്തു. പിതാവ് മാതൃകയായി മുന്നിൽ നിന്ന് നയിക്കുന്നത് കണ്ടപ്പോൾ ഇതെല്ലാം സാധ്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു’ -നേട്ടത്തെക്കുറിച്ച് ഗബ്രിയേൽ പറയുന്നു.
‘ഈ നിമിഷം ലോകത്തിന്‍റെ നെറുകയിൽ വീണ്ടും എത്തിയിരിക്കുകയാണ് ഞാൻ. ഈ വികാരം ഞാൻ യു.എ.ഇയുമായും പങ്കുവെക്കുന്നു. യു.എ.ഇയോടുള്ള ആഴമേറിയ നന്ദിയുടെയും ആദരവിന്‍റെയും നിമിഷം കൂടിയാണിത്. എന്‍റെ ഭാര്യയെയും ചെറിയ കുട്ടികളെയും സുരക്ഷിതമായി സംരക്ഷിച്ചതിന് നന്ദി. എനിക്കും മകൻ ഗബ്രിയേലിനും ഒരു ആശങ്കയുമില്ലാതെ ലോകത്തിന്‍റെ നെറുകയിലേക്ക് കയറാനുള്ള മാനസിക സമാധാനം യു.എ.ഇ നൽകി’ -നാല് കുട്ടികളുടെ പിതാവായ ആന്‍റ് മകന്‍റെ അഭിമാന നേട്ടത്തിൽ യു.എ.ഇക്ക് ആദരമർപ്പിച്ചു.
മിഡിൽട്ടൺ കുടുംബം മുഴുവൻ എവറസ്റ്റ് ബേസ് ക്യാമ്പ് വരെ ഒരുമിച്ചാണ് ട്രെക്കിങ് നടത്തിയത്. അതിനുശേഷം ആന്‍റ് ഭാര്യയെയും ചെറിയ കുട്ടികളെയും താഴേക്ക് തിരിച്ചയച്ചു. വേഗത്തിൽ മടങ്ങിയെത്തി ഗബ്രിയേലിനൊപ്പം കൊടുമുടി കയറാൻ ആരംഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

