‘ഫ്യൂച്ചർ 50’: ഓക്സ്ഫഡ് ഫാക്കൽറ്റിയുമായി സംവദിച്ച് വിദ്യാർഥികൾ
text_fields‘ഫ്യൂച്ചർ 50’ പരിപാടിയിൽ ഡോ. സി.കെ. സഫീറിനൊപ്പം വിദ്യാർഥികൾ
ദുബൈ: ഓക്സ്ഫഡ് യൂനിവേഴ്സിറ്റി ഫാക്കൽറ്റിയും റോയൽ സൊസൈറ്റി യൂനിവേഴ്സിറ്റി റിസർച് ഫെലോയുമായ ഡോ. സി.കെ. സഫീറുമായി സംവദിച്ച് യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികൾ. വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 50 വിദ്യാർഥികൾക്കാണ് അവസരം ലഭിച്ചത്. ദുബൈയിലെ റിവാഖ് ഔഷ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്ലോബൽ യൂനിവേഴ്സിറ്റി പ്രൊപറേറ്ററി പ്രോഗ്രാമിന്റെ ഭാഗമായാണ് ‘ഫ്യൂച്ചർ 50’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
ആഗോള വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങൾ, സയൻസും ലോകവും, ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ അവസരങ്ങൾ, അഡ്മിഷൻ നടപടിക്രമങ്ങൾ, തയാറെടുപ്പുകൾ എന്നിവയെക്കുറിച്ചുള്ള അറിവുകൾ ഡോ. സഫീർ വിദ്യാർഥികളുമായി പങ്കുവെച്ചു. യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ എട്ടുമുതൽ 12 വരെയുള്ള ഗ്രേഡുകളിൽ പഠിക്കുന്ന സയൻസ് വിഷയത്തോട് താൽപര്യമുള്ള കുട്ടികളെയാണ് ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്തത്. കുട്ടികളിൽ ലോകത്തെ ഉന്നത യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, ലോകത്തെ പുതിയ അക്കാദമിക് മാറ്റങ്ങളെയും അവസരങ്ങളെയും പരിചയപ്പെടുത്തുക, ലോകോത്തര യൂനിവേഴ്സിറ്റികളിലേക്ക് എത്തിപ്പെടുന്നതിനുവേണ്ട നേരത്തെയുള്ള തയാറെടുപ്പുകളെക്കുറിച്ച് അവബോധം നൽകുക എന്നിവയായിരുന്നു ഫ്യൂച്ചർ 50 പ്രോഗ്രാമിന്റെ ലക്ഷ്യം.
റിവാഖ് ഔഷ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർ പേഴ്സൻ ഡോ. മോസ ഉബൈദ് ഖുബാഷ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് യൂത്ത് മേഡ് ആപ് അവാർഡ് കരസ്ഥമാക്കിയ സുൽത്താന സഫീർ വിദ്യാർഥികളുമായി സംവദിച്ചു. പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്ത 50 വിദ്യാർഥികൾക്കും ഡോ. സഫീർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അബൂസാലി ഒ, അജ്മൽ ഷംസുദ്ദീൻ, ജനീസ് കുട്ടശ്ശേരി, ഡോ. ആമിന അജ്മൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

