സെപ കരാറിന്റെ രണ്ടാം ഘട്ടത്തിൽ കൂടുതൽ നേട്ടങ്ങൾ; സുദൃഢം ഇന്ത്യ-യു.എ.ഇ ബന്ധം
text_fieldsഇന്ത്യ സന്ദർശനത്തിനിടെ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ (സെപ) രണ്ടാം ഘട്ടത്തിൽ ഇരു രാജ്യങ്ങളിലേയും പ്രധാന മേഖലകളിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുമെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വാണിജ്യം, ടൂറിസം, അടിസ്ഥാന സൗകര്യം, ഊർജം, ഭക്ഷ്യസുരക്ഷ, സാങ്കേതികം, നിർമിത ബുദ്ധി, ഡിജിറ്റൽ പരിവർത്തനം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളിലാണ് കൂടുതൽ നേട്ടങ്ങൾ കൊണ്ടുവരുകയെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പ്രതിരോധം, ഇരു രാജ്യങ്ങളുടെയും വികസന അജണ്ടകളിലെ മറ്റു സുപ്രധാന മേഖലകൾ എന്നിവയിലെ സഹകരണത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. സെപ കരാറിന്റെ മൂന്നാം വാർഷിക ദിനത്തിലായിരുന്നു ശൈഖ് ഹംദാന്റെ ഇന്ത്യ സന്ദർശനം. ഇന്ത്യ-യു.എ.ഇ സെപ കരാർ മുന്നോട്ട് നയിക്കുന്നതിൽ ദുബൈയുടെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.
ഹംദാന്റെ പ്രത്യേക സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിൽ വേരൂന്നിയ സൗഹൃദത്തെ കൂടുതൽ ദൃഢമാക്കുകയും ഭാവിയിലെ സഹകരണത്തിന് വഴിയൊരുക്കുകയും ചെയ്തതായി മോദി പിന്നീട് ‘എക്സി’ൽ കുറിച്ചു. ഇന്ത്യയിലേയും യു.എ.ഇയിലേയും സ്വകാര്യ മേഖലകൾ തമ്മിലുള്ള പരസ്പര നിക്ഷേപവും പങ്കാളിത്തവും വർധിപ്പിക്കുന്നതിന് ലക്ഷ്യം വെച്ചായിരുന്നു ചർച്ചകൾ. കൂടാതെ, ഇരു രാജ്യങ്ങളിലേയും സാമ്പത്തിക വികസനം കേന്ദ്രീകരിച്ചുള്ള പുതിയ സഹകരണത്തിന്റെ സാധ്യതകളും ഇരുവരും ആരാഞ്ഞു. പ്രാദേശികവും അന്താരാഷ്ട്രീയവുമായ വിവിധ വിഷയങ്ങളും ചർച്ചയിൽ വിഷയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

