റാസൽഖൈമയിൽ സംസ്കാര നടപടിക്രമങ്ങൾ ലഘൂകരിച്ചു
text_fieldsറാസല്‍ഖൈമ: മൃതദേഹ സംസ്കാര-നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് റാസല്‍ഖൈമയില്‍ ‘വയാക്കും’ (നിങ്ങള്‍ക്കൊപ്പം) എന്ന പേരില്‍ പുതിയ സംരംഭം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. മൃതദേഹ നടപടിക്രമങ്ങള്‍ 70 ശതമാനം കുറക്കുന്നതാണ് ‘വയാക്കും’ പാക്കേജെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി പറഞ്ഞു.
മൃതദേഹ സംസ്കരണ നടപടികള്‍ക്ക് നിലവില്‍ നിഷ്കര്‍ഷിക്കുന്ന രേഖകളില്‍ 50 ശതമാനത്തോളം പുതിയ പാക്കേജില്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതിലൂടെ മരിച്ചവരുടെ ഉറ്റവര്‍ക്ക് സേവന കേന്ദ്രങ്ങളില്‍ നേരിട്ട് എത്താതെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും സാധിക്കും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമഗ്ര ഏകോപനത്തിന്റെ ആഗോള മാതൃകയാണ് സംരംഭം. മെഡിക്കല്‍, ആരോഗ്യ സ്ഥാപനങ്ങള്‍, റാക് മുനിസിപ്പാലിറ്റി, പൊലീസ് സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം. ഇതുവഴി മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് രേഖകള്‍ക്കായി പ്രയാസകരമായ സാഹചര്യത്തിലെ യാത്രകള്‍ ഒഴിവാകും. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് മരണവിവരം നേരിട്ട് ലഭിക്കുമെന്നതിനാല്‍ മുന്‍കൂട്ടി സേവനങ്ങള്‍ ഒരുക്കാനും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വേഗത്തില്‍ രേഖകള്‍ നല്കാന് കഴിയും. നവീന ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴി മരണാനന്തര നടപടികള്‍ക്കുള്ള അനുമതി വേഗത്തില്‍ ലഭ്യമാകുമെന്നതാണ് പദ്ധതിയുടെ ഗുണഫലം.
സമൂഹത്തിന്റെ ഭാരം കുറക്കുന്നതിനുള്ള തുടര്‍ച്ചയായ സംരംഭങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സേവന പാക്കേജിന്റെ പ്രഖ്യാപനം. ഒരൊറ്റ ഡിജിറ്റല്‍ പോര്‍ട്ടലിലൂടെ മൃതദേഹ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതാണ് പദ്ധതി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ വേഗത്തില്‍ ലഭ്യമാക്കി അവരുടെ മാനസിക ഭാരം കുറക്കുകയാണ് ലക്ഷ്യം. ജനങ്ങളെ സര്‍ക്കാറിന്റെ മുന്‍ഗണനാ പട്ടികയുടെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന റാസല്‍ഖൈമ സര്‍ക്കാറിന്റെ ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതി. മരണമടയുന്നവരുടെ ഉറ്റവര്‍ക്ക് ആശ്വാസമേകുന്ന രീതിയിലാണ് പാക്കേജ് രൂപകല്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഉപഭോക്തൃ കൗണ്‍സിലുകളില്‍ ഉയര്‍ന്ന നിർദേശങ്ങളുടെ സാക്ഷാത്കാരം കൂടിയാണ് ഈ മാനുഷിക സംരംഭമെന്ന് അലി അബ്ദുല്ല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

