പ്ലസ്ടുവിന് മുഴുവൻ മാർക്ക്; അഭിമാനമായി മുഹമ്മദ് മുര്‍സില്‍
text_fieldsമുഹമ്മദ് മുര്‍സിൽ
അബൂദബി: ഡോക്ടറായശേഷം അബൂദബിയെ സേവിക്കാനെത്താനാണ് ആഗ്രഹമെന്ന് പ്ലസ്ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ മലയാളി വിദ്യാർഥി. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ അബൂദബി മോഡല്‍ പ്രൈവറ്റ് സ്കൂള്‍ വിദ്യാര്‍ഥി, തൃശൂര്‍ സ്വദേശിയായ മുഹമ്മദ് മുര്സിലാണ് സ്വപ്നനേട്ടം കരസ്ഥമാക്കിയത്. കാല്പന്ത് കളിപ്രേമിയായ മുഹമ്മദ് മുര്‍സില്‍ സ്കൂള്‍ ടീമിലംഗവുംകൂടിയാണ്. അര്‍ജന്റീനിയന്‍ നായകന് ലയണല്‍ മെസ്സിയാണ് വിദ്യാര്‍ഥിയുടെ ഇഷ്ടതാരം.
സന്തോഷവാനാണെന്നും എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വെക്കേഷന് നാട്ടിലേക്കു പോയ വിദ്യാര്‍ഥി പ്രതികരിച്ചു. ഇംഗ്ലീഷ്, മലയാളം, ഫിസികിസ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളിലെല്ലാം നൂറുമേനി കൊയ്യാന്‍ മുര്സിലിനായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എല്ലാ വിഷയങ്ങളും കഠിനമായിരുന്നുവെന്ന് വ്യക്തമാക്കിയ മുര്‍സില്‍ മലയാളത്തിനും ഇംഗ്ലീഷിനുമാണ് മുഴുവന്‍ മാര്‍ക്കും കിട്ടുമെന്ന് കരുതിയിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു. കുടുംബ സമേതം അബൂദബിയിൽ കഴിയുന്ന മുർസിലിന്റെ പിതാവ് മൊയ്തുണ്ണിക്കുട്ടി ആണ്. മാതാവ് സാഹിറ. രണ്ട് മുതിര്‍ന്ന സഹോദരങ്ങളുണ്ട്. പഠനത്തില്‍ വീട്ടില്‍നിന്ന് ഒരുവിധ സമ്മർദവുമുണ്ടായിരുന്നില്ലെന്നും തന്റേതായ രീതിയിലായിരുന്നു പഠനമെന്നും മുര്‍സില്‍ പറഞ്ഞു. പരീക്ഷാക്കാലത്ത് പുലര്‍ച്ചെ നാല് മണിക്കെഴുന്നേറ്റ് പഠിക്കും. അല്ലാത്ത സമയങ്ങളില്‍ രാവിലെ ഏഴിനാണ് എഴുന്നേറ്റിരുന്നത്. ഉച്ച 12.30 മുതൽ വൈകീട്ട് 5.30 വരെയാണ് സ്കൂളിലെ പഠനസമയം എന്നതിനാല്‍ രാവിലെ ധാരാളം ഒഴിവുസമയങ്ങള്‍ ലഭിച്ചിരുന്നുവെന്നും വിദ്യാര്‍ഥി പറഞ്ഞു.
സ്കൂളില്‍നിന്നു നല്കിയ എല്ലാ നോട്ടുകളും ആവര്‍ത്തിച്ചു നോക്കുകയും ചില യൂട്യൂബ് ചാനലുകള്‍ നോക്കി പഠിക്കുകയുംചെയ്തു. മുന്‍ ചോദ്യപേപ്പറുകളും പരിശീലിക്കുകയുണ്ടായി. ഇതിനുപുറമെ സ്കൂളില്‍ റിവിഷന്‍ ടെസ്റ്റുകളും ധാരാളമായി നടത്തിയിരുന്നു. ഇതെല്ലാം നൂറുമേനി മാര്‍ക്ക് നേടാന്‍ തന്നെ സഹായിച്ചുവെന്നു മുര്‍സില്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയായിരുന്നു പത്താം ക്ലാസ് കടമ്പയും മുര്‍സില്‍ കടന്നത്.
നീറ്റ് പരീക്ഷക്കുള്ള തയാറെടുപ്പിലാണ് മുര്‍സില്‍ ഇപ്പോള്‍. എം.ബി.ബി.എസ് നേടിയശേഷം സേവനത്തിനായി അബൂദബിയില്‍ തിരിച്ചെത്തുമെന്നും മുഹമ്മദ് മുര്‍സില്‍ നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

