ജൈടെക്സില്‍ ഫുജൈറയുടെ പവിലിയന് ശ്രദ്ധേയമായി
text_fieldsഫുജൈറ ഡിജിറ്റൽ ഗവൺമെന്റ് ഡയറക്ടർ ശൈഖ് എൻജിനീയർ മുഹമ്മദ് ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ഷർഖി ഫുജൈറ ഗവൺമെന്റ് പവിലിയന് ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: ജൈടെക്സിൽ ശ്രദ്ധേയ സാന്നിധ്യമായി ഫുജൈറ പവിലിയന്. ഫുജൈറയിൽനിന്നുള്ള 13 സർക്കാർ, അക്കാദമിക് സ്ഥാപനങ്ങൾ മേളയുടെ ഭാഗമാണ്. ഫുജൈറ വിമാനത്താവളം, പരിസ്ഥിതി വകുപ്പ്, ഫുജൈറ മുനിസിപ്പാലിറ്റി, ദിബ്ബ മുനിസിപ്പാലിറ്റി, ഫുജൈറ ഫിനാന്‍സ്, കള്‍ചറല്‍ മീഡിയ, ജിയോളജി വകുപ്പ്, നാചുറല്‍ റിസോഴ്സസ് തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച പവിലിയനിൽ 35 നൂതന പദ്ധതികളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നിരവധി കരാറുകൾക്കും ഫുജൈറ പവിലിയൻ സാക്ഷിയായി.
ആദ്യ ദിവസം ഫുജൈറ കൾചർ ആൻഡ് മീഡിയ അതോറിറ്റിയും ഡെറായ സ്പീക്കേഴ്സ് പ്ലാറ്റ്ഫോമും തമ്മിൽ സഹകരണ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. ഫുജൈറ സ്കൂളുകളിലെ പരിസ്ഥിതി വിദ്യാഭ്യാസം വർധിപ്പിക്കുന്നതിനായി അലഫ് എജുക്കേഷനും ഫുജൈറ പരിസ്ഥിതി അതോറിറ്റിയും ധാരണപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ഫുജൈറ നാചുറൽ റിസോഴ്സസ് കോർപറേഷൻ രണ്ട് നൂതന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് സംവിധാനങ്ങളും വാട്സ്ആപ് ഫോർ ബിസിനസും കൈകാര്യം ചെയ്യുന്ന വിശ്വസനീയമായ തൽക്ഷണ സന്ദേശങ്ങളിലൂടെ പൊതുജനങ്ങളുമായും നിക്ഷേപകരുമായും ഗവേഷകരുമായും നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുന്ന ഡിജിറ്റൽ ആശയവിനിമയ ചാനലും സ്ഥാപനം അവതരിപ്പിച്ചു.
ഫുജൈറ മുനിസിപ്പാലിറ്റിയും ഫുജൈറ സിവിൽ ഡിഫൻസും തമ്മിലുള്ള സംയുക്ത സേവനങ്ങൾ സുഗമമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി സഹകരണ കരാറും യാഥാർഥ്യമായി. ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം സ്മാർട്ട് ഏവിയേഷനിലേക്കുള്ള ചുവടുവെപ്പിനെ സൂചിപ്പിക്കുന്ന രണ്ടു പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്.
പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത എയർപോർട്ട് മാനേജ്മെന്റ് സിസ്റ്റവും (എ.എം.എസ്) വ്യോമയാന പ്രവർത്തനങ്ങളെയും ലോജിസ്റ്റിക് സേവനങ്ങളെയും പിന്തുണക്കുന്നതിനായി അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ ഡ്രോണുകളും മേളയിൽ ശ്രദ്ധ പിടിച്ചുപറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

