അപകടകരമായ ഡ്രൈവിങ് തടയാൻ നടപടിയുമായി ഫുജൈറ പൊലീസ്
text_fieldsഫുജൈറ: അപകടകരമായ ഡ്രൈവിങ് തടയാൻ സജീവമായ നടപടി സ്വീകരിച്ച് ഫുജൈറ പൊലീസ്. റമദാൻ പശ്ചാത്തലത്തിൽ പെട്ടെന്നുള്ള ലൈൻ മാറ്റം അടക്കമുള്ള അപകടകരമായ പ്രവണതകൾ തടയാനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. നിയമലംഘകർക്ക് 1000ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. തുടർച്ചയായ നിയമലംഘനങ്ങളുണ്ടായാൽ വാഹനം പിടിച്ചെടുക്കുമെന്നും ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പെട്ടെന്നുള്ള ലൈൻ മാറ്റം, തിരക്കേറിയ സമയങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുന്ന കാര്യമാണ്. ഡ്രൈവറുടെ ശ്രദ്ധക്കുറവ്, സിഗ്നൽ ശ്രദ്ധിക്കാത്തത് എന്നിവ കാരണമായാണ് പെട്ടെന്ന് ലൈൻ മാറേണ്ടിവരുന്നത്. കഴിഞ്ഞവർഷം രാജ്യത്ത് 384അപകട മരണങ്ങളുണ്ടായതിൽ അശ്രദ്ധയമായ ഡ്രൈവിങും ലൈൻ പാലിക്കാത്തതും പ്രധാന വില്ലനാണെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കിയിരുന്നു. റമദാനിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെയുള്ള പ്രചാരണം വളരെ നിർണായകമാണെന്ന് ഫുജൈറ പൊലീസ് വ്യത്തങ്ങൾ വ്യക്തമാക്കുന്നു. ഡ്രൈവർമാരുടെ ക്ഷീണം, നിർജലീകരണം, തിരക്കുപിടിച്ച പെരുമാറ്റം എന്നിവ റോഡപകടങ്ങൾ വർധിക്കുന്നതിന് കാരണമാകും. ഇഫ്താറിന് മുമ്പുള്ള മണിക്കൂറുകളിൽ അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നത് ഇതിനാലാണ്. വീട്ടിലേക്ക് വേഗത്തിൽ എത്തുന്നതിന് വേണ്ടി ഡ്രൈവ് ചെയ്യുമ്പോൾ പെട്ടെന്ന് ലൈൻ മാറ്റുകയും വാഹന നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. ഇത് തടയാനാണ് പൊലീസ് നടപടി ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

