വൈവിധ്യങ്ങളുടെ ആരവമുയർത്തി ഫുജൈറ ‘ഇന്ത്യ ഫെസ്റ്റ്’
text_fieldsഫുജൈറ: ഇന്ത്യയുടെ കലാസാംസ്കാരിക പൈതൃകവും രുചി വൈവിധ്യവും മറുനാട്ടിൽ പുനരാവിഷ്കരിച്ച് ഇന്ത്യ ഫെസ്റ്റ് സമാപിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യ ഫെസ്റ്റിവലിൽ ശൈഖ് മക്തൂം ബിൻ ഹമദ് അൽ ശർഖിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയും മുഖ്യാതിഥികളായി. എം.എ. യൂസുഫലിക്ക് ഐ.എസ്.സി ഫുജൈറ ഏർപ്പെടുത്തിയ ‘ഫുജൈറ ജുവൽ’ അവാർഡ് ശൈഖ് മക്തൂം ബിൻ ഹമദ് അൽ ശർഖി കൈമാറി. തുടർന്ന് ശൈഖ് മക്തൂമിന് എം.എ. യൂസുഫലി ഐ.എസ്.സിയുടെ സ്നേഹാദരം കൈമാറി.
നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ മഹത്തായ സന്ദേശം സമൂഹത്തിന് പകർന്നുകൊടുക്കുന്ന ഒരുമയുടെ ഉത്സവമായി ഐ.എസ്.സി ഇന്ത്യ ഫെസ്റ്റ് മാറിയെന്നും മഹാമേളക്ക് നേതൃപരമായ പങ്കുവഹിച്ചവരെ അഭിനന്ദിക്കുന്നുവെന്നും എം.എ. യൂസുഫലി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഐ.എസ്.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. ചീഫ് പേട്രൺ അബ്ദുൽ ഗഫൂർ ബഹ്റൂസിയാൻ മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ സംരംഭകരായ സിറാജ് എ.പി, സലിം മൂപ്പൻ എന്നിവർ എം.എ. യൂസുഫലിയിൽ നിന്നും ഐ.എസ്.സി ബിസിനസ് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ഫുജൈറ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. സുലൈമാൻ മൂസ അൽ ജാസിം, ഫുജൈറ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ സുൽത്താൻ അൽ ഹിന്ദസി, ഫുജൈറ ലാൻഡ് ഡിപ്പാർട്ട്മെന്റ് മേധാവി എൻജി. മറിയം അഹമദ് ഹാറൂൺ എന്നിവർ മുഖ്യാതിഥി ശൈഖ് മക്തൂമിൽ നിന്ന് ആദരം ഏറ്റുവാങ്ങി.
ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ നൃത്തവും സംഗീതവും ഇന്ത്യയുടെ വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളും വിവിധ സംസ്ഥാനങ്ങളുടെ തനത് രുചി പകരുന്ന ഫുഡ് സ്റ്റാളുകളും ഒരുക്കിയിരുന്നു.
ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസുലാർ ആശിഷ് കുമാർ ശർമ, യു.എ.ഇ മുൻ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ കിന്ദി, തെലുങ്ക് നടൻ എൻ.വി. ശർമ്മ, ഐ.എസ്.സി അഡ്വൈസർ നാസിറുദ്ദീൻ, കമ്മിറ്റി ഭാരവാഹികളായ സുഭാഷ് വി, ജോജി മണ്ഡപത്തിൽ, പ്രദീപ് കുമാർ, സുഭഗൻ തങ്കപ്പൻ, വി.എം. സിറാജ്, മനാഫ് ഒളകര, അശോക് മൂൽചന്ദാനി, സന്തോഷ് മത്തായി, അഡ്വ. മുഹമ്മദലി, ഇസ്ഹാഖ് പാലായി, അനീഷ് മുക്കത്ത്, പ്രസാദ് ചിൽമു, ചിഞ്ചു ലേസർ ലേഡീസ് ഫോറം ഭാരവാഹികളായ സവിത കെ നായർ, സബ്ന അബ്ദുൽ റഹ്മാൻ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ സ്വാഗതവും കൾച്ചറൽ സെക്രട്ടറി മുബാറക് കോക്കൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

