ഫുജൈറ അറേബ്യന്‍ കുതിരസൗന്ദര്യ മത്സരത്തിന് 15ന് തുടക്കം
text_fieldsഫുജൈറ: ഏഴാമത് അറേബ്യന്‍ കുതിരസൗന്ദര്യ മത്സരം ഫുജൈറ ഫോര്‍ട്ടിൽ അരങ്ങേറും. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ശര്‍ഖിയുടെ രക്ഷാകർതൃത്വത്തിൽ ഡിസംബര്‍ 15 മുതല്‍ 17 വരെയാണ് മത്സരം നടക്കുക. കുതിരകളുടെ ശരീരഘടന, ശക്തി, നടത്തത്തിലെയും ഓട്ടത്തിലെയും സൗന്ദര്യം എന്നിവ വിലയിരുത്തിയാണ് വിധികർത്താക്കള്‍ വിജയികളെ പ്രഖ്യാപിക്കുന്നത്. പെണ്‍കുതിരകള്‍ക്കും ആണ്കുതിരകള്ക്കും കുട്ടിക്കുതിരകള്ക്കും വെവ്വേറെയാണ് മത്സരം.
ദിവസവും ഉച്ചക്ക് രണ്ടുമുതല്‍ രാത്രി പത്തുവരെ നീളുന്ന മത്സരത്തില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 250ലധികം കുതിരകള്‍ മാറ്റുരക്കുമെന്ന് ബ്യൂട്ടി ചാമ്പ്യൻഷിപ് മാനേജര്‍ അലി മുസബഹ് അല്‍ കഹ്ബി പറഞ്ഞു. വിദേശികളും സ്വദേശികളുമായി നിരവധിയാളുകളാണ് മത്സരം കാണാന്‍ ഇവിടെ എത്താറുള്ളത്. പ്രദര്‍ശനമത്സരം കാണാന്‍ എത്തുന്ന കാണികള്‍ക്ക് റാഫിള്‍ കൂപ്പണുകളിലൂടെ കാഷ് പ്രൈസുകളും മറ്റു നിരവധി സമ്മാനങ്ങളും വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

