ഇന്ധനവില കുറഞ്ഞു
text_fieldsദുബൈ: രാജ്യത്ത് നവംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി വർധിച്ചുകൊണ്ടിരുന്ന ഇന്ധനവിലയിൽ വൻ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ വ്യതിയാനം വിലയിരുത്തി യു.എ.ഇ ഊർജ്ജ മന്ത്രാലയത്തിന്‍റെ അംഗീകാരത്തോടെയാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുന്നത്. നവംബർ ഒന്നുമുതൽ പുതിയ വില നിലവിൽ വരും.
പുതുക്കിയ നിരക്ക് അനുസരിച്ച് സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.16 ദിർഹമാണ് നവംബറിലെ വില (ഒക്ടോബറിൽ ഇത് 4.40 ദിർഹമായിരുന്നു). സ്പെഷൽ 95 പെട്രോളിന് 4.04 ദിർഹവും (ഒക്ടോബറിൽ 4.28 ദിർഹം), ഇ-പ്ലസ് 91 പെട്രോളിന് 3.97 ദിർഹവുമാണ് (ഒക്ടോബറിൽ 4.21 ദിർഹം) പുതിയ നിരക്ക്.
ഡീസൽ വില ലിറ്ററിന് 4.80 ദിർഹമിൽ നിന്ന് 4.75 ദിർഹമായി കുറഞ്ഞു. ഇന്ധനവിലയിലുണ്ടായ കുറവ് വാഹന ഉടമകൾക്ക് വലിയ ആശ്വാസം നൽകും. ഉപയോഗിക്കുന്ന വാഹനത്തിന്‍റെ ടാങ്ക് ശേഷി അനുസരിച്ച്, ഒക്ടോബർ മാസത്തെ അപേക്ഷിച്ച് ഫുൾ ടാങ്ക് പെട്രോൾ അടിക്കുമ്പോൾ 12.24 ദിർഹം മുതൽ 17.76 ദിർഹം വരെ ലാഭിക്കാൻ സാധിക്കും.
ചെറിയ കാറുകളിൽ (ശരാശരി 51 ലിറ്റർ ടാങ്ക് ശേഷി) ഫുൾ ടാങ്ക് അടിക്കുമ്പോൾ പെട്രോൾ തരം അനുസരിച്ച് 202.47 ദിർഹം മുതൽ 212.16 ദിർഹം വരെയാകും നവംബറിലെ ചെലവ്. ഒക്ടോബറിൽ ഇത് 214.71 ദിർഹം മുതൽ 224.40 ദിർഹം വരെയായിരുന്നു. സെഡാൻ കാറുകളിൽ (ശരാശരി 62 ലിറ്റർ ടാങ്ക് ശേഷി) ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ 246.14 ദിർഹം മുതൽ 257.92 ദിർഹം വരെ മതിയാകും. മുൻ മാസം ഇത് 261.02 ദിർഹം മുതൽ 272.80 ദിർഹം വരെയായിരുന്നു. വലിയ കാറുകളായ എസ്.യു.വികളിൽ (ശരാശരി 74 ലിറ്റർ ടാങ്ക് ശേഷി) നവംബറിൽ ഫുൾ ടാങ്ക് അടിക്കാൻ 293.78 ദിർഹം മുതൽ 307.84 ദിർഹം വരെയാണ് ചെലവ് വരുന്നത്.
യു.എ.ഇയിലെ കുടുംബങ്ങളുടെ പ്രതിമാസ ചെലവിനെ ഇന്ധനവില വലിയ തോതിൽ സ്വാധീനിക്കാറുണ്ട്. മുൻ മാസങ്ങളിലെ തുടർച്ചയായ വിലവർധനവിന് ശേഷം ഇത്തവണയുണ്ടായ നിരക്കുകുറവ് സാധാരണക്കാരായ വാഹന ഉടമകളുടെ കുടുംബ ബജറ്റിന് ആശ്വാസകരമാകും.

