ഇന്ധനവില എട്ടുമാസത്തെ കുറഞ്ഞ നിരക്കിൽ; ചെലവു കുറയും
text_fieldsദുബൈ: യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞ് എട്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. കഴിഞ്ഞ ഫെബ്രുവരി മാസത്തിനുശേഷം ഏറ്റവും കുറഞ്ഞ നിരക്ക് കാണിച്ച മാസമാണ് ഒക്ടോബർ. കഴിഞ്ഞദിവസം പ്രഖ്യാപിച്ച നിരക്കനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ്. സെപ്റ്റംബറിൽ 3.41 ദിർഹമായിരുന്നു. മേയ് മാസത്തിൽ ആരംഭിച്ച ഇന്ധന വിലവർധന ജൂണിലും ജൂലൈയിലും കുത്തനെ വർധിച്ചത് ആശങ്കക്കിടയാക്കിയിരുന്നു.
ജൂലൈയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.63ദിർഹം എന്ന സർവകാല റെക്കോഡിലെത്തുകയും ചെയ്തു. ഇന്ധന വിലവർധന വിവിധ മേഖലകളിൽ പ്രതിഫലിച്ചതോടെ സാമ്പത്തിക ഞെരുക്കം പല കുടുംബങ്ങളെയും പ്രയാസത്തിലാക്കിയിരുന്നു. എന്നാൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നിരക്ക് കുറഞ്ഞു. സെപ്റ്റംബറിൽ 3.41ദിർഹമിലെത്തിയ നിരക്ക് വീണ്ടും കുറഞ്ഞത് വലിയ ആശ്വാസമാണ് പകരുന്നത്. മാർച്ച് മാസത്തെ നിരക്കായ 3.23ദിർഹമിലും കുറഞ്ഞ വിലയാണ് ഈമാസം നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ ജൂലൈ മാസത്തെ വിലയിൽ നിന്ന് 1.60 ദിർഹമിന്റെ കുറവാണുണ്ടായിരിക്കുന്നത്. ജൂലൈയിൽ 4.76 ദിർഹമായിരുന്ന ഡീസൽ വില ഒക്ടോബറിൽ 3.76 ദിർഹമാണ്. ഒരു ദിർഹമിന്റെ കുറവാണിതിലുണ്ടായത്.
ഇന്ധനവില കുറഞ്ഞതോടെ ദൈനംദിനച്ചെലവുകൾ കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളടക്കമുള്ളവർ. ടാക്സി നിരക്കിലും ദുബൈ, ഷാർജ, അജ്മാൻ തുടങ്ങിയ സ്ഥലങ്ങളിൽ ആനുപാതികമായ വർധനവുണ്ടായിരുന്നു. എന്നാൽ, പുതിയ നിരക്ക് നിലവിൽ വന്നതോടെ ഇവയിൽ മാറ്റമുണ്ടായിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലയിലെ കുറവ് ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിലയിൽ കൂടി പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈവർഷം മാർച്ചിലാണ് ചരിത്രത്തിൽ ആദ്യമായി യു.എ.ഇയിലെ എണ്ണവില മൂന്നു ദിർഹം പിന്നിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

