എക്സൈസ് നികുതിയടവ് ഉറപ്പാക്കാൻ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് സംവിധാനം
text_fieldsഅബൂദബി: പുകയില ഉൽപന്നങ്ങൾക്കുള്ള എക്സൈസ് നികുതിയടവ് ഉറപ്പുവരുത്താൻ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനം ഏർെപ്പടുത്തുന്നതായി ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) പ്രഖ്യാപിച്ചു. 2019 ആദ്യത്തിലാണ് സംവിധാനം പ്രവർത്തനക്ഷമമാകുക.
ദുബൈയിൽ സംഘടിപ്പിച്ച ബോധവത്കരണ യോഗത്തിലാണ് അതോറിറ്റി ഇക്കാര്യം പ്രഖ്യാപിച്ചത്. എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി ആൽ ബുസ്താനിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പുകയില ഉൽപാദകർ, കയറ്റുമതിക്കാർ, എഫ്.ടി.എ പ്രതിനിധികൾ, ബാങ്ക് നോട്ടുകളുടെയും പുകയില ഉൽപന്നങ്ങൾക്കുള്ള ഡിജിറ്റൽ സ്റ്റാമ്പുകളുടെയും നിർമാണത്തിൽ വിദഗ്ധരായ ഗ്ലോബൽ കമ്പനി അധികൃതർ തുടങ്ങിയവർ പെങ്കടുത്തു.
പുകയില ഉൽപന്ന കമ്പനികളുമായി ആശയവിനിമയം നടത്താനും ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് വികസിപ്പിക്കുന്നതിന് ഗ്ലോബൽ കമ്പനിയുമായി ചേർന്ന് പ്രവർത്തന പദ്ധതി തയാറാക്കുന്നതിനും വേണ്ടിയാണ് യോഗം ചേർന്നത്.
സിഗററ്റുകളിലായിരിക്കും ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് സംവിധാനം ആദ്യം അവതരിപ്പിക്കുക. പിന്നീട് എല്ലാ പുകയില ഉൽപന്നങ്ങൾക്കും ബാധകമാക്കും.
ഉൽപന്നങ്ങളിൽ ഒട്ടിച്ച ഡിജിറ്റൽ സ്റ്റാമ്പ് വഴി അധികൃതർക്ക് നിരീക്ഷണം നടത്താനും ട്രാക്ക് ചെയ്യാനും സാധിക്കും. നികുതിവെട്ടിപ്പിനെതിരെ നടപടിയെടുക്കാനും പരിശോധനകൾ എളുപ്പത്തിലാക്കാനും വിപണി നിരീക്ഷണവിധേയമാക്കാനും ഇൗ സംവിധാനം ഉപകരിക്കും.
പുകയില ഉൽപന്നങ്ങളിൽ ഒട്ടിച്ചിരിക്കുന്ന ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ എഫ്.ടി.എയുടെ വിവരശേഖരത്തിൽ രജിസ്റ്റർ െചയ്തിരിക്കും. പ്രത്യേക സംവിധാനം ഉപയോഗിച്ച് വായിക്കാൻ കഴിയുന്ന നികുതി സംബന്ധമായ വിവരങ്ങൾ അടങ്ങിയതായിരിക്കും സ്റ്റാമ്പ്.
പുതിയ സംവിധാനത്തിന് അനുസൃതമായ നടപടികൾ സ്വീകരിക്കാനും സംവിധാനം നടപ്പാക്കാൻ അതോറിറ്റിയോട് സഹകരിക്കാനും എക്സൈസ് നികുതി ബാധകമായ പുകയില ഉൽപാദകരോടും വിതരണക്കാരോടും എഫ്.ടി.എ ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു.
ആഗോള നിലവാരത്തിലുള്ള നികുതി സംവിധാനമാണ് യു.എ.ഇ നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
