ഒന്നാം ബാച്ച് നികുതി ഏജൻറുമാർക്ക് എഫ്.ടി.എ അംഗീകാരം
text_fieldsഅബൂദബി: ഒന്നാം ബാച്ച് രജിസ്റ്റേർഡ് നികുതി ഏജൻറുമാർക്ക് ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) അംഗീകാരം നൽകി. നിശ്ചിത യോഗ്യതയും നിലവാരവും ഉണ്ടെന്നും നിബന്ധനകൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തിയ ശേഷമാണ് അംഗീകാരം നൽകാൻ അതോറിറ്റി തീരുമാനിച്ചത്. അതോറിറ്റി നികുതി ഏജൻറുമാർക്കായി പരീക്ഷ നടത്തുകയും ചെയ്തിരുന്നു.
രാജ്യത്ത് വിജയകരമായി നികുതി സംവിധാനം നടപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് നികുതി ഏജൻറുമാരെന്നും കൃത്യനിർവഹണം ഫലപ്രദമായി നടത്താൻ അവർ ഏറ്റവും പുതിയ അറിവും സമഗ്രമായ പ്രായോഗിക പരിശീലനവും നേടിയിരിക്കണമെന്നും എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് ആൽ ബുസ്താനി പറഞ്ഞു. ഉത്തരവാിത്വങ്ങൾ പൂർത്തീകരിക്കുന്നതിനും അവകാശങ്ങൾ അറിയുന്നതിനും ഒരു സ്ഥാപനത്തെയോ വ്യക്തിയെയോ സഹായിച്ചുകൊണ്ട് എഫ്.ടി.എക്ക് മുമ്പാകെ അവരുടെ പ്രതിനിധിയായി ഏജൻറുമാർക്ക് വർത്തിക്കാം. നികുതി ഏജൻറുമാർ എഫ്.ടി.എയും നികുതിദായകരും തമ്മിലുള്ള ബന്ധം ശക്തമാക്കും. അംഗീകൃത നികുതി ഏജൻറുമാരുടെ മറ്റൊരു ബാച്ച് രജിസ്റ്റർ ചെയ്യാനുള്ള നടപടി ആരംഭിക്കുകയാണെന്നും ഖാലിദ് ആൽ ബുസ്താനി കൂട്ടിച്ചേർത്തു.
യു.എ.ഇയുടെ ചരിത്രത്തിലെ ആദ്യ നികുതി ഏജൻറുമാരാകാൻ സാധിച്ചതിൽ അംഗീകാരം ലഭിച്ച ഏജൻറുമാർ അഭിമാനം പ്രകടിപ്പിച്ചു. രേഖകൾ കൈകാര്യം ചെയ്യുന്നതിലും നിലവാരം കൃത്യമായി പുലർത്തുന്നതിലും രജിസ്ട്രേഷൻ^നികുതി റിേട്ടൺ സമർപ്പിക്കൽ എന്നിവയിൽ തെറ്റുകൾ വരുത്താതിരിക്കാനും പരമാവധി മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു.
അംഗീകാരം എങ്ങനെ നേടാം
എഫ്.ടി.എ അംഗീകാരത്തിന് ആദ്യം നിശ്ചിത അപേക്ഷാേഫാറത്തിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനോ അഭിമുഖത്തിന് ഹാജരാകാനോ എഫ്.ടി.എ ആവശ്യപ്പെടാം.
ഇൗ പ്രക്രിയക്ക് ശേഷം 15 പ്രവൃത്തിദിവസങ്ങൾക്കകം അപേക്ഷയിൽ തീരുമാനമെടുക്കും. അംഗീകാരത്തിന് അനുമതിയായാൽ അഞ്ച് പ്രവൃത്തിദിനങ്ങൾക്കകമോ നിശ്ചിത ഫീസ് സ്വീകരിച്ച ശേഷം അതോറിറ്റി തീരുമാനിക്കുന്ന മറ്റേതെങ്കിലും തീയതിയിലോ അപേക്ഷ രജിസ്റ്റർ ചെയ്യും.
രജിസ്ട്രേഷൻ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ യു.എ.ഇ നികുതി സംവിധാനത്തിെൻറ സമ്പൂർണതയിൽ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്താൽ അതോറിറ്റി അപേക്ഷ റദ്ദാക്കും.
എഫ്.ടി.എ അംഗീകാരത്തിനുള്ള യോഗ്യതകൾ
അബൂദബി: നികുതി ഏജൻറുമാരായി അംഗീകരിക്കാൻ ഏഴ് നിർബന്ധ യോഗ്യതകളാണ് എഫ്.ടി.എ മുന്നോട്ട് വെക്കുന്നത്.
1. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് നികുതി, അക്കൗണ്ടിങ്, നിയമം എന്നിവയിലേതിലെങ്കിലും ബിരുദമോ ബിരുദാനന്തര ബിരുദമോ. അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദവും നികുതിയിൽ സ്പെഷലൈസ് ചെയ്ത അന്താരാഷ്ട്ര അസോസിയേഷനിൽനിന്നുള്ള അംഗീകൃത സർട്ടിഫിക്കറ്റും.
2. നികുതി വ്യവസ്ഥ, അക്കൗണ്ടിങ്, നിയമം എന്നിവയിലേതിലെങ്കിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
3. അറബി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാഗൽഭ്യം
4. തൊഴിൽജാമ്യ ഇൻഷുറൻസ്
5 ജോലി ചെയ്യാനുള്ള ശാരീരികക്ഷമത
6. അംഗീകൃത അതോറിറ്റിയുടെ ലൈസൻസുള്ള ലീഗൽ പേഴ്സനിൽനിന്നുള്ള പരിശീലനം
7. മികച്ച സ്വഭാവം. ഏതെങ്കിലും ക്രിമിനൽ കേസുകളിലോ ദുര്‍നടപടികളിലോ ശിക്ഷിക്കപ്പെട്ടവരാകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
