തൊഴിലാളികൾക്ക് ആശ്വാസമായി ‘ഫ്രിഡ്ജ് അൽ ഫരീജ്’
text_fields‘ഫ്രിഡ്ജ് അൽ ഫരീജ്’ പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് സാധനങ്ങൾ വിതരണം
ചെയ്യുന്ന ഉദ്യോഗസ്ഥർ
ദുബൈ: വേനൽച്ചൂടിൽ പുറംജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസത്തിന്റെ തണുപ്പ് പകർന്ന് ‘ഫ്രിഡ്ജ് അൽ ഫരീജ്’ പദ്ധതി.
ദുബൈയിലെ കെട്ടിട നിർമാണ മേഖലയിൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് തണുത്ത വെള്ളം, ജ്യൂസുകൾ, ഐസ്ക്രീമുകൾ, ലഘുഭക്ഷണം എന്നിവ സൗജന്യമായി വിതരണം ചെയ്താണ് സംരംഭം പ്രവർത്തിച്ചത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ്, ഫുർജാൻ ദുബൈ, തഖ്ദീർ അവാർഡ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ജി.ഡി.ആർ.എഫ്.എയാണ് പദ്ധതി നടപ്പാക്കുന്നത്.
വേനൽച്ചൂടിൽ തൊഴിലാളികൾ നേരിടുന്ന നിർജലീകരണവും ആരോഗ്യപ്രശ്നങ്ങളും കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഫ്രിഡ്ജ് അൽ ഫരീജ്’ നടപ്പാക്കിയത്. കഴിഞ്ഞ വർഷം വൻ സ്വീകാര്യത നേടിയ ഈ കാമ്പയിനിൽ ഇത്തവണ 19,000ത്തിലധികം തൊഴിലാളികളിലേക്ക് ആശ്വാസത്തിന്റെ കൈത്താങ്ങ് എത്തിച്ചു. പ്രത്യേകം ശീതീകരിച്ച വാഹനങ്ങളിൽ ദുബൈയിലെ വിവിധ തൊഴിൽ മേഖലകളിൽ നേരിട്ടെത്തിയാണ് തൊഴിലാളികൾ സാധനങ്ങൾ വിതരണം ചെയ്തത്.
അൽ ബർഷ സൗത്ത്, അർജാൻ, ദുബൈ സൗത്ത് തുടങ്ങിയ നിർമാണ മേഖലകളിൽ പദ്ധതി വ്യാപകമായി നടപ്പാക്കി. ജി.ഡി.ആർ.എഫ്.എയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ വിതരണം ചെയ്തത്.
സമൂഹത്തിൽ ഐക്യവും സഹാനുഭൂതിയും വളർത്തുന്ന ഒരു മാതൃകയാണ് പദ്ധതിയെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

