ദുബൈ ഇന്‍റർസിറ്റി ബസുകളിൽ സൗജന്യ വൈഫൈ; ഇ ആൻഡുമായി കൈകോർത്താണ് ആർ.ടി.എ പദ്ധതി നടപ്പാക്കിയത്
text_fieldsദുബൈ: പ്രമുഖ ടെലഫോൺ സേവന ദാതാക്കളായ ഇ ആൻഡുമായി കൈകോർത്ത് ദുബൈയിലെ ഇന്‍റർസിറ്റി ബസുകളിൽ സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കുന്ന പദ്ധതി പൂർത്തീകരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ദുബൈ, ഷാർജ, അബൂബദി, അജ്മാൻ, ഫുജൈറ എമിറേറ്റുകൾക്കിടയിൽ സർവിസ് നടത്തുന്ന 259 ഇന്‍റർസിറ്റി ബസുകളിലാണ് വൈ ഫൈ സേവനം ലഭ്യമാക്കിയത്. ഈ റൂട്ടുകളിൽ സഞ്ചരിക്കുന്നവരുടെ യാത്ര അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. സ്മാർട്ട്ഫോണോ ടാപ്ലറ്റുകളോ ലാപ്ടോപ്പോ ഉപയോഗിച്ച് യാത്രയിലുടനീളം തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനം യാത്രക്കാർക്ക് ആസ്വദിക്കാം.
ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി പോകുന്നവർക്ക് ബസ് യാത്രക്കിടയിൽ ജോലികൾ പൂർത്തീകരിക്കാൻ പുതിയ സംവിധാനം സഹായകരമാവും. തങ്ങളുടെ സേവനങ്ങളിലുടനീളം ഡിജിറ്റൽവത്കരണം നടപ്പിലാക്കുകയെന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംരംഭമെന്ന് ആർ.ടി.എ അറിയിച്ചു. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
യു.എ.ഇയുടെ ഡിജിറ്റൽ ഗവൺമെന്‍റ് സ്ട്രാറ്റജിയോട് ചേർന്ന് നിൽക്കുന്നതാണ് സംരംഭം. ബസ് യാത്ര കൂടുതൽ ആസ്വാദ്യകരും ഉത്പാദനക്ഷവുമാക്കുന്നതിലൂടെ പ്രതിദിന യാത്രകൾ വർധിക്കുമെന്നാണ് കണക്ക് കൂട്ടൽ. അതോടൊപ്പം ലോകത്തെ ഏറ്റവും സ്മാർട്ടും സന്തോഷകരവുമായ നഗരമായി മാറുകയെന്ന ദുബൈയുടെ അഭിലാഷങ്ങളെ പിന്തുണക്കുന്നതാണ് പുതിയ നീക്കമെന്നും ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി. സമുദ്ര ഗതാഗത മാർഗങ്ങളിൽ യാത്ര ചെയ്യുന്നവർക്കും സൗജന്യ വൈ ഫൈ സേവനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

