'അജ്ഞാത കേന്ദ്ര'ത്തിലേക്ക് സൗജന്യ യാത്രയുമായി വിസ്എയര്‍
text_fieldsഅബൂദബി: അവിസ്മരണീയമായ യാത്രാസമ്മാനമൊരുക്കി അബൂദബി വിസ്എയര്‍. യു.എ.ഇയിലെ ഏറ്റവും ചെലവ് കുറഞ്ഞതും ടൂറിസം കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്രയൊരുക്കുന്നതുമായ വിസ്എയറാണ് 'അജ്ഞാത കേന്ദ്ര'ങ്ങളിലേക്ക് സൗജന്യ ടിക്കറ്റിൽ യാത്രയൊരുക്കുന്നത്. 'അജ്ഞാത കേന്ദ്ര'ങ്ങളിലേക്ക് ചെലവ് കുറഞ്ഞ യാത്രയൊരുക്കുന്ന പദ്ധതിയാണ് വിസ്എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 26ന് അബൂദബിയില്‍നിന്ന് പുറപ്പെടുന്ന വിമാനം 28ന് തിരിച്ചെത്തും. ഇതിന് അവസരം ലഭിക്കാൻ വിസ്എയര്‍ ഒരുക്കുന്ന മത്സരങ്ങളില്‍ വിജയിക്കണം. മത്സരത്തിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവിസ്മരണീയമായ യാത്രാനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കണം. ഒപ്പം ഇന്‍സ്റ്റ പോസ്റ്റിലേക്ക് വിസ്എയറിനെ ടാഗ് ചെയ്യുകയും വേണം. 'ഗെറ്റ്ലോസ്റ്റ് വിത്ത് വിസ്'എന്ന ഹാഷ് ടാഗും കൂടെ ഉണ്ടാവണം. ആഗസ്റ്റ് ഏഴിനു രാത്രി 11.59നാണ് മത്സരം അവസാനിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്കാണ് 'അജ്ഞാത കേന്ദ്ര'ങ്ങളിലേക്കുള്ള യാത്രക്ക് അവസരം ലഭിക്കുക. അവര്‍ക്ക് ഒരു പങ്കാളിയെക്കൂടി കൂടെ കൂട്ടാവുന്നതാണ്. രണ്ടു രാത്രിയിലെ താമസവും യാത്രയുമാണ് നല്‍കുക.

