അബൂദബി വിമാനത്താവളത്തിൽ സന്ദർശകർക്ക് സൗജന്യ സിം കാർഡ്
text_fieldsഅബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം കാർഡ് ലഭിക്കും. സൗജന്യമായി 10 ജി.ബി ഡേറ്റ അടങ്ങിയതാണ് സിം കാർഡുകൾ. ഇത് സന്ദർശകർക്ക് നൽകുന്നതിനുള്ള കരാറിൽ അബൂദബി വിമാനത്താവളങ്ങളും ടെലികോം സേവന ദാതാക്കളായ ഇ ആൻഡ് കമ്പനിയും ഒപ്പുവച്ചു. 10 ജി.ബി ഡേറ്റ ഉപയോഗിക്കുന്നതിന് 24 മണിക്കൂർ സമയം ലഭിക്കും.
ഇതുപയോഗിച്ച് യാത്രക്കാർക്ക് വിമാനത്താവളത്തിൽ മാപ്പുകൾ, ടാക്സി സേവന ആപ്പുകൾ, പണമടക്കൽ, സന്ദേശമയക്കൽ, അബൂദബി പാസ് പോലുള്ള ഡെസ്റ്റിനേഷൻ ഗൈഡുകൾ തുടങ്ങിയ അവശ്യ ഓൺലൈൻ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാം. 30ലധികം എയർലൈനുകളുടെ ശൃംഖല വഴി 100ലധികം യാത്രാ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന കേന്ദ്രങ്ങളിലൊന്നാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം.
2025 സെപ്റ്റംബർ 30 വരെ പുതിയ ടെർമിനലിൽ 23.9 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചു. അബൂദബിയിൽ എത്തുന്ന നിമിഷം ഓരോ യാത്രക്കാരനും സ്വാഗതം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് അബൂദബി വിമാനത്താവളങ്ങളുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എലീന സോർലിനി പറഞ്ഞു.
സായിദ് ഇന്റർനാഷനൽ എയർപോർട്ടിലെ സുഗമമായ കണക്ടിവിറ്റി യാത്രക്കാർക്ക് എത്തിച്ചേരുമ്പോൾതന്നെ സൗകര്യവും ആശ്വാസവും ഉറപ്പാക്കുമെന്ന് ഇ ആൻഡ് യു.എ.ഇ സി.ഇ.ഒ മസ്ഊദ് എം. ശരീഫ് മഹ്മൂദ് പറഞ്ഞു. സായിദ് ഇന്റർനാഷനൽ എയർപോർട്ടുമായി ചേർന്ന് തങ്ങളുടെ തലസ്ഥാനത്ത് ഇറങ്ങുന്ന നിമിഷം മുതൽ സന്ദർശകർക്ക് വീട്ടിലിരിക്കുന്നതുപോലെ തോന്നാൻ സഹായിക്കുന്ന വേഗമേറിയ ഡിജിറ്റൽ അനുഭവത്തിലൂടെ അവരുടെ വരവ് ലളിതമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

