താമസസ്ഥലങ്ങൾക്ക് സമീപം ഇമാറാത്തികൾക്ക് സൗജന്യ പാർക്കിങ്
text_fieldsദുബൈ: ദുബൈയിലെ താമസ സ്ഥലങ്ങളിൽ യു.എ.ഇ പൗരന്മാർക്ക് സൗജന്യ പാർക്കിങ് ഏർപ്പെടുത്തുന്നു. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെതാണ് തീരുമാനം. താമസസ്ഥലത്തിന് സമീപത്തുനിന്ന് 500 മീറ്റർ പരിധിയിലാണ് പാർക്കിങ്ങിന് അവസരം നൽകുന്നത്. ഇതിനായി ആർ.ടി.എയുടെ വെബ്സൈറ്റ് വഴി സ്പെഷൽ പെർമിറ്റിന് അപേക്ഷിക്കണം. എമിറേറ്റ്സ് ഐ.ഡി, ഇജാരി, വാഹന ഉടമസ്ഥതയുടെ തെളിവ് എന്നിവ ഹാജരാക്കണം.
താമസ സ്ഥലത്തിന്റെ വലുപ്പം അനുസരിച്ചാണ് കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ അനുവദിക്കുക. ഒരു മുറിയും ഹാളുമുള്ളവർക്കും സ്റ്റുഡിയോ മുറിയിൽ താമസിക്കുന്നവർക്കും രണ്ട് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം നൽകും. രണ്ട് മുറിയും ഹാളുമുള്ളവർക്ക് മൂന്ന് പെർമിറ്റും മൂന്ന് റൂമും ഹാളുമുള്ളവർക്ക് നാല് പെർമിറ്റും സൗജന്യമായി ലഭിക്കും. അപേക്ഷ നൽകി രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. പെർമിറ്റ് ഇ-മെയിൽ വഴി അയക്കും.
പ്രവാസികൾക്ക് സീസണൽ പാർക്കിങ്
ദുബൈയിലെ താമസക്കാർക്ക് പണം നൽകി സീസണൽ പാർക്കിങ് എടുക്കാം. ഇന്റർനാഷനൽ സിറ്റി, മീഡിയ സിറ്റി, നോളജ് വില്ലേജ്, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊലെവാദ്, ദേര ഫിഷ് മാർക്കറ്റ്, സിലിക്കൺ ഒയാസിസ്, ഗോൾഡ് സൂഖ് എന്നിവിടങ്ങളിലാണ് പാർക്കിങ്. ഇതിനായി രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
‘എ’ വിഭാഗത്തിൽപെട്ടവർക്ക് ഒരു മാസം 500 ദിർഹമാണ് നിരക്ക്. 1400 ദിർഹമിന് മൂന്ന് മാസം, 2500 ദിർഹമിന് ആറ് മാസം, 4500 ദിർഹമിന് 12 മാസം എന്നിങ്ങനെയാണ് നിരക്ക്. ദുബൈയിലെ എ, ബി, സി, ഡി എന്നീ പാർക്കിങ്ങുകളിൽ ഈ പാസുകൾ ഉപയോഗിക്കാം. ‘ബി’ വിഭാഗത്തിൽപെട്ടവർക്ക് ഒരുമാസം 250 ദിർഹം, മൂന്നു മാസം 700 ദിർഹം, ആറു മാസം 1300 ദിർഹം, 12 മാസം 2400 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. ഈ വിഭാഗത്തിൽപെട്ടവർക്ക് ബി, സി സോണുകളിൽ പാർക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

