സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നാളെ
text_fieldsഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ നടത്തുന്ന മെഗാ സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് ഞായറാഴ്ച രാവിലെ 7 മണിമുതൽ ഇന്ത്യൻ അസോസിയേഷൻ അങ്കണത്തിൽ നടക്കും. ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പ്, പതാക ഉയർത്തൽ ചടങ്ങിന് ശേഷമാണ് ആരംഭിക്കുക.
അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സും (എ.കെ.എം.ജി), ഇ.എച്ച്.എസ്, ആരോഗ്യ മന്ത്രാലയം, കേരള ഫാർമസിസ്റ്റ് കൗൺസിൽ എന്നിവ സഹകരിച്ചു നടത്തുന്ന ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലുള്ള 40 സ്പെഷലിസ്റ്റ് ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് സജാദ് നാട്ടിക അറിയിച്ചു. വർഷങ്ങളായി നടത്തിവരുന്ന ക്യാമ്പിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്.
മെഡിക്കൽ, ഹൃദ്രോഗ വിഭാഗം, എല്ല് രോഗം, ഗൈനക്കോളജി, ശിശുരോഗം, നേത്രരോഗം, ചെവി, മൂക്ക്, തൊണ്ട വിഭാഗം, ത്വക്ക് രോഗം, പ്രമേഹ രോഗം, ന്യൂറോ, മൂത്രാശയരോഗം, ആയുർവേദം, ഡയറ്റീഷൻ, മാനസിക രോഗ വിഭാഗം തുടങ്ങിയ എല്ലാ വിഭാഗങ്ങളും ക്യാമ്പിൽ ലഭ്യമായിരിക്കും.
സൗജന്യ രക്ത പരിശോധനയും രക്ത സമ്മർദ പരിശോധനയും ഇ.സി.ജി, സ്കാനിങ് സൗകര്യവും ക്യാമ്പിൽ ഡോക്ടർമാരുടെ നിർദേശാനുസരണം ലഭ്യമാണ്. ഇ.എച്ച്.എസ് ഡയറക്ടർ, ഡോ. അസ്മ, എം.ഒ.എച്ച് ഉമ്മുൽഖുവൈൻ സോൺ ഡയറക്ടർ, കമ്യൂണിറ്റി പൊലീസ് ചീഫ്, ലേബർ ഓഫിസ് ഡയറക്ടർ, എമിഗ്രേഷൻ ഡയറക്ടർ, കോൺസുലേറ്റ് പ്രതിനിധികൾ തുടങ്ങിയവർ ക്യാമ്പ് സന്ദർശിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജീവ്, ക്യാമ്പ് കോഓഡിനേറ്റർ മുഹമ്മദ് മൊഹിദീൻ, കൺവീനർ അബ്ദുൽ വഹാബ് പൊയക്കര എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

