ഗ്ലോബൽ വില്ലേജിൽ സൗജന്യ പ്രവേശനം; പ്രത്യേക സ്റ്റാമ്പുമായി ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ എയർപോർട്ടിൽ അധികൃതർ ഗ്ലോബൽ വില്ലേജിലേക്കുള്ള സൗജന്യ പ്രവേശന പദ്ധതി പ്രഖ്യാപിക്കുന്നു
ദുബൈ: എമിറേറ്റിലെ ഏറ്റവും മികച്ച വിനോദ ആകർഷണങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്റെ 30ാം സീസണിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) ഗ്ലോബൽ വില്ലേജും ചേർന്ന് സംയുക്ത പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി, ദുബൈയിൽനിന്ന് പുറത്തിറക്കുന്ന വിസകളിലും എമിറേറ്റിന്റെ അതിർത്തികളിലൂടെ പ്രവേശിക്കുന്ന യാത്രക്കാരുടെ പാസ്പോർട്ടുകളിലും ഗ്ലോബൽ വില്ലേജ് ലോഗോ പതിപ്പിക്കും. ലോഗോ അടങ്ങിയ ഈ പ്രത്യേക സ്റ്റാമ്പ് ലഭിക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിലേക്ക് ആദ്യ 10 ദിവസം സൗജന്യ പ്രവേശനം ലഭിക്കും. ഓരോ വ്യക്തിക്കും ഈ ആനുകൂല്യം ഒരിക്കൽ മാത്രമേ ഉപയോഗിക്കാനാകൂ.
ദുബൈയുടെ സാംസ്കാരികമായ തുറന്ന സമീപനത്തെയും മനുഷ്യ വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന പ്രതീകാത്മക സംരംഭമാണിതെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി. വിസയിലും എൻട്രി സ്റ്റാമ്പിലുമുള്ള പ്രത്യേക ലോഗോ, യു.എ.ഇയുടെ പ്രധാന സാംസ്കാരിക ആകർഷണമായ ഗ്ലോബൽ വില്ലേജ് ലക്ഷക്കണക്കിന് വിദേശ സന്ദർശകർക്ക് പരിചയപ്പെടുത്താനാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ദുബൈ 2033 വിഷന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് സംരംഭം. പദ്ധതി പ്രഖ്യാപന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി, ദുബൈ ഹോൾഡിങ് എന്റർടൈൻമെന്റ് ഗ്ലോബൽ വില്ലേജ് സീനിയർ വൈസ് പ്രസിഡന്റ് സെയ്ന ദാഗർ, മാർക്കറ്റിങ് ആൻഡ് ഇവന്റ്സ് ഡയറക്ടർ സാറാ അൽ മുഹൈരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

