മിടുക്കരായ വിദ്യാർഥികൾക്ക് സൗജന്യ ഡ്രൈവിങ് ലൈസൻസ്
text_fieldsഷാർജ: അക്കാദമിക രംഗത്ത് മികവ് പുലർത്തുന്ന ഹൈസ്കൂൾ ബിരുദധാരികൾക്ക് സൗജന്യമായി ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്ന സംരംഭവുമായി ഷാർജ പൊലീസ്. എമിറേറ്റിലെ സർക്കാർ സ്കൂളുകളിൽനിന്നുള്ള ഏറ്റവും മിടുക്കരായ 10 ബിരുദധാരികൾക്കാണ് ആദരവ് എന്ന നിലയിൽ സൗജന്യമായി ഡ്രൈവിങ് ലൈസൻസ് അനുവദിക്കുക. ‘എക്സലൻസ് ലൈസൻസ്’ എന്ന പേരിലാണ് പുതിയ സംരംഭം അവതരിപ്പിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഡ്രൈവിങ് ലൈസൻസ് ഫയൽ തുറക്കുന്നത് മുതൽ നേത്ര പരിശോധന, തിയറി, പ്രാക്ടിക്കൽ പരിശീലനം തുടങ്ങി ലൈസൻസ് കൈപ്പറ്റുന്നത് വരെയുള്ള മുഴുവൻ ചെലവുകളും ഒഴിവാക്കും. വിദ്യാഭ്യാസ മന്ത്രലയം, ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി, ഷാർജ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ബെൽഹസ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി കൈകോർത്താണ് പുതിയ സംരംഭം നടപ്പാക്കുന്നത്. യൂനിവേഴ്സിറ്റി ജീവിതത്തിനും ഭാവി ജീവിതത്തിനും തയാറെടുക്കുമ്പോൾ കൂടുതൽ സ്വതന്ത്രരും ഉത്തരവാദിത്തമുള്ളവരുമാക്കാൻ മിടുക്കരായ വിദ്യാർഥികളെ സഹായിക്കുന്നതിനായാണ് സംരംഭം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഷാർജ പൊലീസിലെ വെഹിക്ക്ൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് മുഹമ്മദ് അൽകെ പറഞ്ഞു.
ഇത് കൂടാതെ ഷാർജ പൊലീസിൽ ജോലി ചെയ്യുന്നവരുടെ ബിരുദ വിദ്യാർഥികളായ മക്കൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ 50 ശതമാനം ഇളവ് നൽകുന്ന ‘ലൈസൻസ് ഫോർ ദ ചിൽഡ്രൻ ഓഫ് ഗിവേഴ്സ്’ സംരംഭവും ഷാർജ പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽക്കാലത്തുടനീളം ഈ സൗകര്യം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

