എക്സ്പോ നഗരിയിലേക്ക് ദുബൈയിൽ നിന്ന് സൗജന്യ ബസ് സർവീസ്
text_fieldsദുബൈ: എക്സ്പോ നഗരിയിലേക്ക് സൗജന്യമായെത്താൻ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വഴിതെളിക്കുന്നു. ഒമ്പത് ലൊക്കേഷനിൽ നിന്നാണ് എക്സ്പോയിലേക്ക് സൗജന്യ സർവീസ് ഒരുക്കിയിരിക്കുന്നത്. ഇതിനായി 'എക്സ്പോ റൈഡർ' എന്ന പേരിൽ 126 ബസുകൾ നിരത്തിലിറക്കും. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായിരിക്കും സർവീസ്. ഇതിന് പുറമെ ഹോട്ടലുകളിൽ നിന്നുള്ളവരെ എക്സ്പോയിലെത്തിക്കാനും ബസുകൾ ഏർപെടുത്തും. പാർക്കിങ് ഏരിയയിൽ നിന്ന് യാത്രക്കാരെ എക്സ്പോ ഗേറ്റിലേക്കെത്തിക്കാനും ബസ് ഉണ്ടാകും. ഫെറി വഴി വരുന്നവർക്ക് വേണ്ടിയും പ്രത്യേക ബസ് ഏർപെടുത്തും. ശനി മുതൽ വ്യാഴം വരെ എല്ലാ ദിവസവും 1956 സർവീസ് നടത്തും. വ്യാഴം, വെള്ളി ദിനങ്ങളിൽ ഇത് 2203 ആയി ഉയരും. മൂന്ന് മിനിറ്റ് മുതൽ 60 മിനിറ്റ് വരെ ഇടവിട്ടായിരിക്കും സർവീസ്.
എക്സ്പോയിലേക്ക് യാത്രക്കാരെ സ്വീകരിക്കാൻ തയാറാണെന്ന് ആർ.ടി.എ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാൻ മത്താർ മുഹമ്മദ് അൽതായർ പറഞ്ഞു. ഉയർന്ന സുരക്ഷയും ആഡംബര നിലവാരവുമുള്ള ബസുകളാണ് ഇതിനായി ഇറക്കിയിരിക്കുന്നത്. കാർബൺ ബഹിർഗമനം കുറഞ്ഞ യൂറോ 6 മാനദണ്ഡങ്ങൾ പാലിക്കുന്ന ബസുകളാണിവ. മിഡ്ൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ബസ് സർവീസ് നടത്തുന്നത്.
പാർക്കിങ് ഏരിയയിൽ നിന്ന് മൂന്ന് ഗേറ്റുകളിലേക്കാണ് സർവീസ്. ഓപർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റൈനബിലിറ്റി എന്നീ പവലിയനുകളിലേക്ക് ഈ സർവീസുകൾ വഴി നേരിട്ടെത്താം. ഇതിനായി 57 ബസുകളുണ്ട്. ദിവസവും 1191 ട്രിപ്പ് നടത്തം. മൂന്ന് മുതൽ ഏഴ് വരെ മിനിറ്റുകൾ ഇടവിട്ടായിരിക്കും സർവീസ്.
മറ്റ് എമിറേറ്റുകളിൽ നിന്നുള്ള സർവീസുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അബൂദബി, അൽ ഐൻ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നാണ് ബസുകൾ സർവീസ് നടത്തുന്നത്. ഈ സർവീസുകൾ സൗജന്യമല്ല. 77 ബസുകളാണ് ഇതിനായി ഏർപെടുത്തിയിരിക്കുന്നത്. ദിവസവും 193 സർവീസ് നടത്തും. അവധി ദിവസങ്ങളിൽ ഇത് 213 ആയി ഉയരും.
സൗജന്യ ബസ് സർവീസ് എവിടെ നിന്നെല്ലാം:
1. പാം ജുമൈറ: ആറ് ബസുകൾ 54 സർവീസ് നടത്തും. 15 മിനിറ്റ് ഇടവിട്ട് സർവീസ്.
2. അൽ ബർഷ: ഏഴ് ബസുകൾ 62 സർവീസ് നടത്തും. 30 മിനിറ്റ് ഇടവിട്ട് സർവീസ്.
3. അൽ ഗുബൈബ: 12 ബസുകൾ 74 സർവീസ് നടത്തും. 15 മിനിറ്റ് ഇടവിട്ട് സർവീസ്.
4. ഇത്തിസാലാത്ത്: എട്ട് ബസ് 70 സർവീസ് നടത്തും. 30 മിനിറ്റ് ഇടവിട്ട് സർവീസ്.
5. േഗ്ലാബൽ വില്ലേജ്: മൂന്ന് ബസ് പത്ത് സർവീസ് നടത്തും. ഓരോ മണിക്കൂറിലും സർവീസ്.
6, 7. ഇൻറർനാഷനൽ സിറ്റി, സിലിക്കൺ ഒയാസീസ്: എട്ട് ബസുകൾ 78 സർവീസ് നടത്തും. 15 മിനിറ്റ് ഇടവിട്ട് സർവീസ്.
8. ദുബൈ മാൾ: അഞ്ച് ബസുകൾ 55 സർവീസ് നടത്തും. 30 മിനിറ്റ് ഇടവിട്ട് സർവീസ്.
9. ദുബൈ എയർപോർട്ട്: എട്ട് ബസ് 52 സർവീസ് നടത്തും. 20 മിനിറ്റ് ഇടവിട്ട് സർവീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

